Thursday, 14 July 2011

ടെറസിനു മുകളില്‍ ഞാന്‍ ഒറ്റയ്ക്കായി

I'm so lonely……listen to my heart

മര്‍ക്കസ് വരാന്തയില്‍ വച്ചാണ് അണ്ണനെ പരിചയപ്പെടുന്നത്. പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ആവാന്‍ വേണ്ടി മാത്രമാണ് ഡിഗ്രിയെടുക്കാന്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നു നോക്കി അവനെ. എന്താ പോലിസ് ആവാന്‍ ഇത്ര ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ അവന്‍ നല്‍കിയ മറുപടിയില്‍ എനിക്ക് ഭയങ്കര അദ്ഭുതം തോന്നി. എനിക്ക് ആരോടും എവിടെവച്ചും തട്ടിക്കേറാല്ലോന്ന്. അന്നു ഞാന്‍ വിചാരിച്ചു ഇവന്‍ ആളു ശരിയല്ല... അല്‍പ്പം വെടക്കാണെന്ന്.
അങ്ങനെ മര്‍ക്കസിലെ ജീവിതം വളരെ നന്നായി മുന്നോട്ടു പോവുമ്പോള്‍ ദാ വരുന്നു സീസോണ്‍. ഒരു ഡ്രാമയില്‍ എനിക്കും കിട്ടി അവസരം.. ഓ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ഞാനായിരുന്നു. അങ്ങനെ ആ ഡ്രാമ കഴിഞ്ഞു. സീ സോണ്‍ കലാശക്കൊട്ടുമായി മര്‍ക്കസില്‍ എത്തിയ അന്ന് എന്നെ കെട്ടിപ്പിടിച്ച്, തകര്‍ത്തെടാ നിന്നെ എനിക്കിഷ്ടായി എന്ന് അവന്‍ പറഞ്ഞു. എന്താ നീ ഇങ്ങനെ പറയുന്നേ എന്ന് ഞാന്‍ ചോദിച്ചു. ശരിക്കും നിന്നെ ബാക്കി ഉള്ളവര്‍ക്ക് മുമ്പില്‍ നാണം കെടുത്താനാണ് ഇതുപോലത്തെ ഒരു കാരക്ടര്‍ തന്നു നാടകത്തില്‍ അഭിനയിപ്പിച്ചത്. പക്ഷെ നീ എല്ലാം അറിഞ്ഞപോലെ അതൊരു ചാലഞ്ചായി ഏറ്റെടുത്തു നന്നായി ചെയ്തു. നീയാടാ ആണ്‍കുട്ടീന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ എല്ലാം അറിയുന്നെ. അങ്ങനെയൊരു സ്‌റ്റോറി അതിനു പിറകില്‍ ഉണ്ടായിരുന്നെന്ന് മനസ്സിലാവുന്നെ. ശരിക്കും ഒരുപാട് വിഷമം തോന്നിയപ്പോള്‍ അവനെന്നെ സമാധാനിപ്പിച്ചു. അന്ന് മുതല്‍ ഞാന്‍ അവനെ ഇഷ്ടപ്പെട്ടു തുടങ്ങി.
ഒരുപാട് സമയമൊന്നും അവനോടൊപ്പം ചെലവഴിക്കാന്‍ അന്നെനിക്ക് കിട്ടിയില്ല. പ്രണയത്തിന്റെ ബിന്ദുവില്‍ ഞാന്‍ അലിഞ്ഞുതേര്‍ന്ന കാലമായിരുന്നല്ലോ അത്. എന്നാലും ഒരുപാട് തമാശകള്‍, മറക്കാനാവാത്ത നിമിഷങ്ങള്‍...മര്‍ക്കസ് അങ്ങനെ എല്ലാവര്‍ക്കും എന്ന പോലെ ഞാനും അടിച്ചു പൊളിച്ചു. മൂന്നു വര്‍ഷം തീര്‍ന്നു.
അതിനു ശേഷമാണ് ഞാനും അവനും ഒരുപാട് അടുത്തത്. ഒരിക്കല്‍ എന്നെ വിളിച്ച് ഒരു ജോലി ശരിയാക്കിത്തരുമോ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ എന്റെ കമ്പനിയില്‍ ആളെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കി അണ്ണനോട് എറണാകുളം എത്താന്‍ പറഞ്ഞു. എങ്ങനെ വരും കൊച്ചിയിലേക്ക് എന്നായി അവന്റെ സംശയം. ഞാന്‍ പറഞ്ഞു, ട്രെയിനില്‍ വാ. അപ്പോഴാണ് ആ സത്യം ഞാന്‍ മനസ്സിലാക്കിയത്. അവനതു വരെ ട്രെയിനില്‍ കയറിയിട്ടില്ല. ഒറ്റയ്ക്ക് ആദ്യമായി കയറിയാല്‍ ശരിയാവില്ല എന്നൊക്കെപ്പറഞ്ഞപ്പോള്‍ വരാന്‍ പേടിയായിട്ടല്ലേ എന്ന് ഞാന്‍ കളിയാക്കി. ഒടുവില്‍ കാദറിനെ വിളിച്ചു പറഞ്ഞു. അങ്ങനെ കാദറിന്റ കൂടെ അവന്റെ ആദ്യ ്‌ട്രെയിന്‍ യാത്ര. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവന്‍ പറഞ്ഞു, എടാ നമുക്ക് ട്രെയിനില്‍ എവിടെയും പിടിക്കാതെ നടക്കാം. ഇതും പറഞ്ഞ് ഞാന്‍ ഒരുപാട് കളിയാക്കിയിട്ടുണ്ട് അവനെ.
ഏകദേശം ഒരു വര്‍ഷം കൂടി കഴിഞ്ഞു. ഒരു ദിവസം എന്നെ വിളിച്ച് നമുക്ക് എം.ബി.എ ചെയാതാലോ എന്നൊരു ചോദ്യം. സത്യം പറഞ്ഞാല്‍ ഞാന്‍ അന്നുവരെ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടു പോലുമില്ല. ഞാന്‍ ഉണ്ടെങ്കില്‍ അവനും ഉണ്ട് എന്നു പറഞ്ഞപ്പോള്‍ സത്യായിട്ടും ഞാനൊന്നു പൊങ്ങിട്ടോ. പിന്നെ അതിന്റെ സാധ്യതകളും മറ്റും അന്വേഷിച്ചു. അങ്ങനെ ഞങ്ങള്‍ എം.ബി.എക്ക് ചേര്‍ന്നു. ഞാനും അവനും ഹോസ്റ്റലില്‍ ഒരേ മുറിയില്‍. രാത്രി കിടക്കുന്നതിനു മുമ്പ് പഴയ കഥകള്‍ പറഞ്ഞ് രസിക്കുന്നത് അവന്‍ ശീലമാക്കി. ഞാനാണെങ്കില്‍ ഫുള്‍ടൈം ഫോണില്‍. പ്രണയത്തിന്റെ നേരത്തേ പറഞ്ഞ ബിന്ദുവില്‍. അവന്‍ പറയും ഈ ഡാഷ് ആസിഫ് താനാളൂക്ക് റെയ്ഞ്ചും പിടിച്ച് കിടക്കുവാണ്, എനിക്ക് ആരുമില്ല സംസാരിക്കാന്‍. പൊച്ചൂ (ഷഹീര്‍) നീ ഇങ്ങു വരുമോ എന്ന് എം.ബി.എയ്ക്ക് ഞങ്ങളുടെ സീനിയറായിരുന്ന പൊച്ചുവിന് ഫോണ്‍ ചെയ്യും. എന്നിട്ട് രണ്ടുപേരുമിരുന്ന് പിരാകും. അവള്‍ മൂടും തട്ടി പോവുമ്പോ ഞങ്ങളെ ഉണ്ടാവൂ. അപ്പോള്‍ എനിക്ക് ദേഷ്യം വരും. അവളെപ്പറ്റി പറയണ്ടാ എന്ന് പറഞ്ഞ് ഞാന്‍ അവനുമായി അടി കൂടും.
അവസാനം അത് തന്നെ സംഭവിച്ചു. ഇഷ്ടങ്ങളുടെ നിമിഷങ്ങള്‍ക്ക് പൂര്‍ണവിരാമം. സമാധാനം കിട്ടാന്‍ ആദ്യം ഓടിയത് അണ്ണന്റെ അടുത്തേക്കാണ്. അന്ന് ആദ്യമായി ഞാന്‍ അണ്ണന്റെ ഓവുപാലം എന്ന സ്ഥലം കണ്ടു. അവടെ ഒരു കെട്ടിടത്തില്‍ വച്ച് ഞാന്‍ തേങ്ങിക്കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ അണ്ണാ..മറക്കില്ലടാ.. ആ ദിവസം. ഇടയ്‌ക്കെപ്പഴോ അവന്‍ പഠിത്തം നിര്‍ത്തി ഗള്‍ഫില്‍ പോയി...പ്രവാസിയായി. ഒരു വിവരവമില്ല. അങ്ങിനെ എം.ബി.എ കഴിഞ്ഞു.
ഞാനും പ്രവാസിയാവാന്‍ വിമാനം കയറുമ്പോള്‍ പൊച്ചുവാണ് വന്ന് പറഞ്ഞത്. അണ്ണന്‍ ദുബൈ സിറ്റിയില്‍ ആണ്, അവന്റെ മുറിയില്‍ ബെഡ് സ്‌പേസ് ഉണ്ട്, അത് ശരിയാക്കിയിട്ടുണ്ട് എന്നൊക്കെ. സത്യം പറഞ്ഞാല്‍ അണ്ണനെ ഞാനൊന്നു വിളിച്ചിട്ടു പോലുമില്ല. ഞാന്‍ ദുബൈയില്‍ എത്തിയപ്പോള്‍ എനിക്ക് വേണ്ടതെല്ലാം അവിടെ റെഡിയായിരുന്നു. എന്നും രാവിലെ അണ്ണന്‍ ജോലിക്കും ഞാന്‍ ജോലി അന്വേഷണത്തിനും പോവും. വൈകീട്ട് സിഗരറ്റ് വാങ്ങി വരാം എന്നായിരുന്നു എന്നും അണ്ണന്റെ യാത്ര പറച്ചില്‍. പിന്നെ വൈകുന്നേരം ഒരുമിച്ച് ഉണക്ക ഖുബ്ബൂസും ചായയും കുടിച്ചു. ദുബൈ എന്ന സ്വപ്‌നനഗരത്തിന്റെ ദേശീയ ഭക്ഷണം എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കളിയാക്കി മെല്ലെ ടെറസ്സിനു മുകളിലേക്ക്. അവിടെ ഏതോ അറബി വലിച്ചെറിഞ്ഞ സോഫകള്‍ ഉണ്ട്. അതില്‍ കയറിയിരുന്ന് പഴയ ഓര്‍മകളിലേക്ക്.
പണ്ട് പലരുടെയും പച്ചയിറച്ചി തിന്നതൊക്കെ പറഞ്ഞ് ഒരു വലിയൊക്കെ ഇട്ട് നാലഞ്ച് മണിക്കൂര്‍. റംഷി, റിയാസ്, ഷാനിദ, പൊച്ചു, ഷെറിന്‍, മന്‍സൂര്‍, ശ്രുതി, കാദര്‍, വലീദ്, അനസ്, അലി, ബുഷ്‌റ, റിജുന്‍, ഇന്ദു, രഞ്ജിത്ത്, നിഷ അങ്ങിനെ എത്രയെത്ര പേരെക്കുറിച്ചാണ് അന്ന് സംസാരിച്ചിരുന്നത്. ഓരോരുത്തരുടെയും പണ്ടത്തെയും ഇന്നത്തെയും അവസ്ഥകള്‍. അവന്‍ എന്നും വളരെ വിഷമത്തോടെ പറയുന്ന ഒരു പേരാണ് റിയാസ്. റിയാസിനെ എങ്ങിനെയെങ്കിലും സഹായിക്കണം...അങ്ങിനെ അവനെ സഹായിക്കാന്‍ ഒരുപാട് പ്ലാനുമൊക്കെ അവന്‍ എന്നോട് പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ അവന്റെ വാക്കുകള്‍ മാത്രമേ എന്റെ അടുത്തുള്ളൂ. ഇന്‍ഷാ അല്ലാഹ്... അവന്‍ പറഞ്ഞ രീതിയിലുള്ള അവസരങ്ങള്‍..അണ്ണാ അതൊക്കെ വരികയാണെങ്കില്‍ നമുക്ക് നമ്മുടെ റിയാസിനെ നീ പറഞ്ഞ പോലെ കരകയറ്റണം, അവനെ എന്നല്ല നമ്മുടെ എല്ലാ കൂട്ടുകാരെയും...ഇന്‍ഷാ അല്ലാഹ്.. അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീന്‍.
വിരഹ ദു:ഖത്തിന്റെ മൂഡില്‍ സിഗരറ്റ് കത്തിച്ചിരിക്കുമ്പോള്‍ നമ്മള്‍ പരസ്പരം പറയാറില്ലേ അണ്ണാ.. ഭയങ്കര ഏകാന്തത...നമ്മുടെ ടീമിനെ ശരിക്കും മിസ് ചെയ്യുന്നു എന്നൊക്കെ. അന്നു നമ്മള്‍ രണ്ടുപേരും എന്നും ഒരുമിച്ചുണ്ടായിരുന്നു. ഇടക്ക് ഒരുപാട് തമാശകളുമായി എത്തുന്ന പൊച്ചുവും റംഷിയും. ഇന്നിപ്പോള്‍ അണ്ണാ...നിന്നെ അവസാനമായി ഒന്നു കാണാന്‍ പോലും പറ്റിയില്ലല്ലോടാ...അലി പറഞ്ഞപോലെ നിന്നെ കാണാന്‍ പറ്റാതിരുന്നതിന്റെ തേങ്ങല്‍ ഒരിക്കലും മനസ്സില്‍ നിന്നു മായില്ല.
ഇന്നിപ്പോ ടെറസിനു മുകളില്‍ ഞാന്‍ ഒറ്റയ്ക്കാണ്. സൊറ പറഞ്ഞിരിക്കാന്‍ ആരും കൂട്ടിനില്ലാതെ. ഹൗ് ൗ മിിിിമ ഹൗ് ൗ ഹീെേ ി ഹീെേ…..

ലവ് യൂ അണ്ണാ..ലവ്‌സ് യു എലോട്ട്...






No comments:

Post a Comment

Visited

Followers