Monday, 25 July 2011

അണ്ണനില്ലാത്ത മര്‍ക്കസില്‍ ഒരുദിവസം

അണ്ണാ,

നീയില്ലാത്ത മര്‍ക്കസ് കോളജിലെ ബി.എ ക്ലാസ് എത്ര ശൂന്യമാണെന്ന് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞ ദിവസമാണിത്. ഞാനും നീയും പൊച്ചുവും റംഷിയും ഇരുന്ന ആ ക്ലാസിലെ ഫസ്റ്റ് ബെഞ്ചിലേക്ക് നോക്കിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞെടാ. അവിടെ ഇപ്പോള്‍ മറ്റാരൊക്കെയോ സ്ഥലം പിടിച്ചിരിക്കുന്നു. ഒരു പക്ഷെ, നമ്മള്‍ അന്നെഴുതിയ അലവലാതി എക്‌സ്പ്രസിന്റെ പരസ്യം വരെ ഇപ്പോള്‍ മായാതെ ആ ഡെസ്‌കുകളില്‍ കിടക്കുന്നുണ്ടാവും. സെന്‍സര്‍ എന്നതിനു നേരെ ഉമര്‍ ശരീഫ് എന്ന് എഴുതിയത് ഓര്‍മയില്ലേ. കാറില്‍ വന്നിറങ്ങി പ്രിന്‍സിപ്പലിനെ (നീയറിയാതെ) നീ പറ്റിച്ച ആ മുറ്റവും നിന്റെ മൂളിപ്പാട്ടുകള്‍ കൊണ്ട് മുഖരിതമായിരുന്ന നമ്മുടെ വരാന്തയും നിന്നെ കെട്ടിപ്പിടിച്ചുറങ്ങിയ മൂടാലിലെയും പൈങ്കണ്ണൂരിലെയും ക്വാര്‍ട്ടേഴ്‌സുകളുമെല്ലാം അതേപടിയുണ്ട്. എന്തിഷ്ടമാണെന്നോ നമ്മളെ ആ നാട്ടുകാര്‍ക്കൊക്കെ. ഇന്നലെ രാത്രി കുറ്റിപ്പുറത്ത് ഞങ്ങള്‍ (അനസ്, വലീദ്, റിയാസ്, ആസിഫ്) തങ്ങിയ ലോഡ്ജിന് അവര്‍ വാടക വാങ്ങിച്ചില്ല, ഇന്ന് രാവിലെ മൂടാലിലെ നമ്മുടെ ഹമീദാക്കയുടെ ഹോട്ടലില്‍ ചെന്നപ്പോള്‍ അദ്ദേഹം വിരുന്നുകാരെപ്പോലെ ഞങ്ങളെ സല്‍ക്കരിക്കുകയായിരുന്നെടാ. എത്ര കൊടുത്തിട്ടും കാശു വാങ്ങാന്‍ ഹമീദാക്കയും കൂട്ടാക്കിയില്ല. ഈ ഹോട്ടലിലിരുന്നല്ലേ തടി കൂട്ടാനെന്നും പറഞ്ഞ് നീ എന്നെക്കൊണ്ട് കോഴിമുട്ടകള്‍ തീറ്റിച്ചത്. നാസറാക്കയും ഷാനിയുമൊക്കെ നമ്മളെയും കാത്ത് ഇപ്പോഴും മൂടാലിലുണ്ട്.
ഒരദൃശ്യ സാന്നിധ്യമായി ഞങ്ങളെ സ്വീകരിക്കാനും യാത്രയയക്കാനുമെല്ലാം നീയുണ്ടായിരുന്നു അല്ലേ. അവിടെ ചെന്നപ്പോള്‍ കണ്ടോ നീ, നമ്മളറിയുന്ന നമ്മളെ അറിയുന്നവരായി അഷ്‌റഫ് സാറും ഹിക്മത്ത് സാറും ഗഫൂര്‍ക്കയും മാത്രം. ടീച്ചേഴ്‌സ് എല്ലാം പുതിയവരാണ്. ക്ലാസിലെങ്ങും തീര്‍ത്തും അപരിചിതമായ കുറേ മുഖങ്ങള്‍. എന്നാലും അതിന്റെ ചമ്മലൊന്നും കണിച്ചില്ലട്ടോ. നമ്മള്‍ സീനിയേഴ്‌സല്ലേ, വല്യ പുള്ളികള്‍. നമ്മുടെ കോളജിനിപ്പോഴും ഓഡിറ്റോറിയമായിട്ടില്ല. അതോണ്ടാ ബി.എഡ് കോളജില്‍ വച്ച് തന്നെ പരിപാടി നടത്തിയത്. ആ ഹാളില്‍ ഏറ്റവും പിറകിലായി ഡെസ്‌കില്‍ കയറി നീ ഇരിക്കുന്നത് പോലെ എനിക്ക് തോന്നി. സംസാരിച്ചവര്‍ ആദ്യാവസാനം നിന്നെ പുകഴ്ത്തിയപ്പോള്‍, വന്ദന പറഞ്ഞപോലെ മതിയെടാ എന്നു പറഞ്ഞു അല്ലേ നീ?
നിന്നെ അനുസ്മരിച്ച് പ്രസംഗിക്കാന്‍ അവന്‍മാര്‍ എന്നെ ഏല്‍പ്പിച്ചെടാ. ഞാന്‍ കുറേ ഒഴിയാന്‍ നോക്കി. അതോണ്ടാ വലീദിന്റെയും രഞ്ജിത്തിന്റെ നിന്റെ പ്രിയ്യപ്പെട്ട ഖമറു മാഡത്തിന്റെയുമൊക്കെ കണ്ണുനിറയ്‌ക്കേണ്ടി വന്നത്. ചിരിച്ചോണ്ട് പ്രസംഗിക്കാനാണ് റംഷി പറഞ്ഞത്. അതിന് ശ്രമിക്കാഞ്ഞിട്ടല്ല. നിന്റെ തമാശകള്‍ പോലും ഇപ്പോഴുണ്ടാക്കുന്നത് സങ്കടമാണ്. പ്രായത്തിന്റെ അവശതകള്‍ മറന്ന് വേച്ചു വേച്ച് വന്ന കുഞ്ഞുട്ടി ഹാജി നമ്മളെ തിരിച്ചറിഞ്ഞടാ. മൂപ്പരുടെ ആ പഴയ യൂനിയന്‍കാരനെ അടുത്തേക്ക് വിളിച്ച് കൈ പിടിച്ച് കുറേ സംസാരിച്ചു. സാറന്‍മാരോട് അക്കാലത്തെപ്പറ്റി ഹാജിയാര്‍ തമാശ പറഞ്ഞു. നമ്മുടെ പഴയ പ്രിന്‍സിപ്പലിനും, നൗഷാദ് സാറിനും, ഗഫൂര്‍ക്കക്കും, മാഡത്തിനും.. എല്ലാവര്‍ക്കും നിന്നെപ്പറ്റി പറയാന്‍ നൂറു നാവാണ്. നീ ഇത്ര വലിയ സംഭവമായിരുന്നോ എന്ന് നിനക്ക് തന്നെ തോന്നി അല്ലേ?
എല്ലാ വര്‍ഷവും അലുംനി പരിപാടിക്ക് ആളുകള്‍ കുറയുന്നത് കണ്ട്, മേലില്‍ ഇപ്പരിപാടിക്ക് നില്‍ക്കരുതെന്ന് പറഞ്ഞവരായിരുന്നു ഞങ്ങളൊക്കെ. പക്ഷെ, നിന്റെ ആഗ്രഹങ്ങളിലൊന്നായ ഒത്തുചേരല്‍ യാഥാര്‍ഥ്യമാക്കാനാണ് തിരക്കുകളെയെല്ലാം കാര്‍ത്തല ചുങ്കത്ത് നിര്‍ത്തി ഞങ്ങള്‍ മര്‍ക്കസിന്റെ കുന്നു കയറിയത്. വീട്ടുകാരെപ്പോലും അറിയിക്കാതെ ആസ്‌ത്രേലിയയില്‍ നിന്ന് അനസ് വന്നതും 10 ദിവസത്തെ മാത്രം ലീവിന് നിന്റെ സഹപ്രവാസി ആസിഫ് നാട്ടിലെത്തിയതും ഈ കൂടലിനായിരുന്നു. അന്ന് നീ കണ്‍മറഞ്ഞ ദിവസം 12 മണിക്കൂര്‍ യാത്ര ചെയ്താണ് രഞ്ജിത് വന്നത്. പക്ഷെ, അവന് അവസാനമായി നിന്നെ ഒരുനോക്ക് കാണാന്‍ കഴിയാത്തതിന്റെ സങ്കടം മാറിയിട്ടില്ല. ഇന്നലെ പുറപ്പെട്ട രഞ്ജിത് ഇന്ന് രാവിലെയാണ് എത്തിയത്. ഇടുക്കിയിലെ കൊടുംകാട്ടില്‍ നിന്ന് വളാഞ്ചേരിയിലെത്തിയിട്ടും വിളിപ്പുറത്തുള്ള അമ്മയെയും അച്ഛനെയും നവവധുവിനെയെയും ഒന്നു കാണാന്‍ പോലും സമയമില്ലാതെ അവന്‍ ഇന്ന് തന്നെ ജോലി സ്ഥലത്തേക്കി മടങ്ങി. എന്തിഷ്ടമാണ് ഞങ്ങള്‍ക്ക നിന്നെയെന്നോ?
നിനക്ക് അത്രയൊന്നും പരിചയമില്ലാത്ത ഒരു കുട്ടി ഇന്ന് വന്നിരുന്നു. അവള്‍ വിവാഹ ശേഷം മറുനാടന്‍ മലയാളിയായി ദൂരെ താമസിക്കുകയാണ്. ഈയടുത്താണത്രെ നാട്ടില്‍ വന്നത്. ഡോക്ടര്‍മാര്‍ അവള്‍ക്ക് കനത്ത വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടത്രെ. ഇതു കേട്ടപ്പോള്‍ പിന്നെ എന്തിനാണ് വന്നതെന്ന് ഞാന്‍ ചോദിച്ചു. അവളുടെ മറുപടി നീ കേട്ടോ? 'കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ ഞാന്‍ തിരിച്ചുപോവും ഏട്ടാ. റെസ്‌റ്റെടുത്ത് വീട്ടിലിരുന്നാല്‍ നിങ്ങളെയൊക്കെ കാണാന്‍ പറ്റുമോ?'. പണ്ടത്തെപ്പോലെ തന്നെയാണ് അവളുടെ പ്രകൃതം ഇപ്പോഴും. എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്ത് അവസാനമാണ് അവള്‍ പോയത്. തിരക്കുള്ള ബസ്സില്‍ തൂങ്ങിപ്പിടിച്ച് അവള്‍ പോവുന്നത് കണ്ടപ്പോള്‍, വരുമെന്ന് പ്രതീക്ഷിച്ചിട്ടും വരാത്ത നിന്റെ സഹപാഠികളെക്കുറിച്ച് നിനക്ക് പരിഭവം തോന്നിയോ? സാരമില്ലെടാ. അവര്‍ക്ക് അവരുടെതായ തിരക്കുകള്‍ കാണും.
വൈകുന്നേരം എടപ്പാള്‍ അങ്ങാടിയിലെ നിന്റെ ഖബറിടത്തില്‍ ഞങ്ങള്‍ വന്നതും അറിഞ്ഞില്ലേ നീ? പ്രാര്‍ഥനയ്ക്ക് 'ആമീന്‍' ചൊല്ലുന്ന ഖാദറിന്റെയും രഞ്ജിത്തിന്റെയും ശബ്ദങ്ങള്‍ നീ തിരിച്ചറിഞ്ഞോ? നിനക്ക് തണലേകാന്‍ കുറച്ച് മൈലാഞ്ചി കൊമ്പുകള്‍ കൂടി ഞങ്ങളവിടെ നട്ടിട്ടുണ്ട്. ചെടികളുടെ ഓരോ ഇലയും ദൈവവചനങ്ങള്‍ ഉരുവിടുകയും ഖബറിലുള്ളയാള്‍ക്കു വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യുമെന്നാണ്്് വിശ്വാസം.
നിന്റെ വീട്ടിലേക്ക് പോവണമെന്നുണ്ടായിരുന്നു. പക്ഷെ, നീയില്ലാത്ത വീട്ടില്‍ ഞങ്ങളെയൊക്കെ ഒരുമിച്ച് കാണുമ്പോള്‍ അവരുടെ പ്രതികരണം എന്തായിരിക്കുമെന്നോര്‍ത്ത് പോയില്ല. അതിന് നീ ഞങ്ങളോട് ക്ഷമിക്കില്ലെടാ. എന്നാലും ഞങ്ങള്‍ വന്ന കാര്യം നിന്റെ അനിയന്‍മാരെയോ ഇക്കയെയോ അറിയിക്കാമെന്ന് പറഞ്ഞ് നീ പണ്ട് എനിക്ക് കാണാപാഠമാക്കിയ ആ ലാന്‍ഡ് ഫോണ്‍ നമ്പറിലേക്ക് ഞാന്‍ ഒരുപാട് വിളിച്ചു നോക്കി. പക്ഷെ ഫോണ്‍ ബിസിയായിരുന്നു. അവരും അപ്പോള്‍ നിന്നെപ്പറ്റിയാവും സംസാരിച്ചിരുന്നിരിക്കുക അല്ലേ. അല്ലെങ്കിലും സംസാരിക്കാന്‍ നീയല്ലാതെ മറ്റെന്ത് വിഷയമാണടാ ഇപ്പോള്‍ അവര്‍ക്കും ഞങ്ങള്‍ക്കുമൊക്കെ ഉള്ളത്?

Thursday, 21 July 2011

അണ്ണന് വേണ്ടി ഒരു ദിവസം

പ്രിയ്യപ്പെട്ടവരെ,
അണ്ണനുമൊത്തുള്ള നമ്മുടെ ഓര്‍മകള്‍ക്ക് തുടക്കമിട്ട മര്‍ക്കസിന്റെ മുറ്റത്ത് അവന്റെ കൂട്ടുകാര്‍ കൂടുകയാണ്. ഈ മാസം 25ന് തിങ്കളാഴ്ച രാവിലെ 9.30ഓടെ കാംപസിലെത്തുമല്ലോ. ഒമര്‍ ശരീഫ് സ്മാരക സ്‌കോളര്‍ഷിപ്പിന്റെ ഉദ്ഘാടനവും അന്ന് നടക്കും. അറിഞ്ഞവര്‍ അറിഞ്ഞവര്‍ മറ്റുള്ളവര്‍ക്ക് ഈ വിവരം കൈമാറുക.

Saturday, 16 July 2011

ഓര്‍മകള്‍ക്ക് പനി പിടിക്കുന്നു

അണ്ണാ, രാത്രിയാണ്. പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്. കൃത്യം അഞ്ചു വര്‍ഷം മുമ്പ് ഇതു പോലൊരു രാത്രിയില്‍ നിന്റെ പ്രിയ്യപ്പെട്ട ബൈക്കില്‍ നമ്മള്‍ മഴ നനഞ്ഞ് കിലോ മീറ്ററുകള്‍ യാത്ര ചെയ്തത് ഓര്‍മയില്ലേ. നമ്മുടെ വല്ല്യുപ്പയുടെയും വല്ല്യുമ്മയുടെയും കല്യാണത്തലേന്ന്. ചമ്രവട്ടം കടവ് കടന്ന് ഞാന്‍ വരുമ്പോള്‍ പുഴയരികില്‍ നീ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ബൈക്കില്‍ കയറി നിന്നെ കെട്ടിപ്പിടിച്ച് ഇരുന്നതും മഴ തുടങ്ങി. അത് കാര്യമാക്കാതെ യാത്ര തുടര്‍ന്ന് എടപ്പാളിലെത്തി. നിന്റെ സ്ഥിരം കേന്ദ്രമായ മില്ല് ഞാന്‍ ആദ്യമായി കാണുന്നത് അന്നാണ്. എരമംഗലം വരെ നല്ല മഴയായിരുന്നു, മോശം റോഡും. നമുക്കാണേല്‍ വഴിയുമറിയില്ല. കല്ലില്‍ തട്ടി ഇപ്പോ വീഴും എന്ന് കരുതിയതാണ് ഞാന്‍. പക്ഷെ, നിന്നിലെ എക്‌സ്‌പേര്‍ട്ട് ഡ്രൈവര്‍ എന്നെ സുരക്ഷിതമായി കൊണ്ടുപോയി. ചോയ്ച്ച് ചോയ്ച്ച് പോവാന്നും പറഞ്ഞ് പോയ നമ്മള്‍ ഓഡിറ്റോറിയത്തിനടുത്തുള്ള കടയില്‍ നിന്ന് രണ്ട് ഗിഫ്റ്റുകളും വാങ്ങി നനഞ്ഞൊലിച്ചാണ് വല്യുമ്മയെ കാണാനെത്തിയത്.
തിരിച്ചു വരുമ്പോഴും മഴക്ക് ശമനമുണ്ടായിരുന്നില്ല. പനി പിടിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടിട്ടും മഴ നനഞ്ഞുള്ള യാത്ര നീ ആസ്വദിക്കുമ്പോള്‍ പിറകിലിരുന്ന് ഞാന്‍ തണുത്ത് വിറയ്ക്കുകയായിരുന്നു. നിന്റെ വീട്ടിലെത്തി തല തോര്‍ത്തി ബൈക്ക് അവിടെ വച്ച് എടപ്പാള്‍ അങ്ങാടിയിലെത്തിയപ്പോഴാണറിഞ്ഞത് പട്ടാമ്പിയിലേക്കുള്ള ലാസ്റ്റ് ബസ്സും പോയ കാര്യം. പിന്നെ പടിഞ്ഞാറങ്ങാടിയിലേക്കുള്ള ബസ്സില്‍ കയറി. അവിടെ നിന്ന് എങ്ങിനെയൊക്കെയോ പട്ടാമ്പിയിലുമെത്തി. വലീദും മന്‍സൂറുമാണെന്ന് തോന്നുന്നു വല്യുപ്പയുടെ വീട്ടില്‍ നിന്ന് നമ്മെ വിളിക്കാന്‍ വന്നു. എത്താന്‍ വൈകിയതിന് വിളിക്കാന്‍ വന്നവരെ നമ്മള്‍ ഒരു പാട് തെറി വിളിച്ചു.
അന്നു രാത്രി ഷൊര്‍ണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു ഉറക്കം. ഉറക്കം എന്നു പറഞ്ഞാല്‍ ശരിയാവില്ല അല്ലേ. നമ്മള്‍ ഉറക്കമൊഴിച്ച് ആഘോഷിക്കുകയായിരുന്നില്ലേ വല്യുപ്പയുടെ പ്രണയ സാഫല്യം. ആ ആഘോഷത്തിനിടെ ഞാന്‍ നിന്നെ ചീത്ത വിളിച്ചപ്പോള്‍ കണ്ടു നിന്നവരേക്കാള്‍ ഉച്ചത്തില്‍ അണ്ണാ നീ ചിരിച്ചു. നിന്നെ എന്നേക്കുമായി പിരിയുന്നതിനു കുറച്ചുനാള്‍ മുമ്പും അക്കഥ പറഞ്ഞ് നമ്മുടെ സുഹൃത്തുക്കളിലാരൊക്കെയോ എന്നോ കളിയാക്കിയിരുന്നു. വര്‍ഷം കുറേ കഴിഞ്ഞിട്ടും പലരും പല ജീവിത സാഹചര്യങ്ങളിലെത്തിയിട്ടും ഇപ്പോഴും നമ്മള്‍ മര്‍ക്കസിയന്‍മാരാണെടാ. ഈ മഴക്കാലത്ത് നിന്റെ അന്നത്തെ ഡ്രൈവിങും ആ ബൈക്കും ഓര്‍ക്കുമ്പോള്‍ അണ്ണാ...

Friday, 15 July 2011

Anas Nilambur (our Anas sir) about his Omar Sherif

Omar sherif was not that close to me, just a silly, irregular, late comer. His rough and stub born nature even literally irritated me sometimes, while I was a class teacher to him. However, he wondered me in and out of the campus every now and then. He talked in rather fluent English whenever he met me, unlike other ‘bright ‘students. He even helped me in certain unexpected situation!. In short, he gave me a pleasant surprise through his benignly blended tough nature.
Indeed, He is still proved to be an irregular student! Why he left us so early? Why so rough again? But you look. How gently he brought us all together!. I can’t imagine how has he made our alumni this vibrant? My greatest surprise is that most of our first batch students are still in touch with each other and always available for a cause, which I have never seen anywhere, where ever I have been to.
Dear Omar sherif, let me believe that this has been done by you despite your void. I never thought that ‘annan’ is a good pet name you liked. But now I too feel of calling you ‘that’ since your all friends call you when they want to show their endless affection to you. Dear Annan, may the almighty rest you in peace.

Thursday, 14 July 2011

ടെറസിനു മുകളില്‍ ഞാന്‍ ഒറ്റയ്ക്കായി

I'm so lonely……listen to my heart

മര്‍ക്കസ് വരാന്തയില്‍ വച്ചാണ് അണ്ണനെ പരിചയപ്പെടുന്നത്. പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ആവാന്‍ വേണ്ടി മാത്രമാണ് ഡിഗ്രിയെടുക്കാന്‍ വന്നതെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഒന്നു നോക്കി അവനെ. എന്താ പോലിസ് ആവാന്‍ ഇത്ര ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ അവന്‍ നല്‍കിയ മറുപടിയില്‍ എനിക്ക് ഭയങ്കര അദ്ഭുതം തോന്നി. എനിക്ക് ആരോടും എവിടെവച്ചും തട്ടിക്കേറാല്ലോന്ന്. അന്നു ഞാന്‍ വിചാരിച്ചു ഇവന്‍ ആളു ശരിയല്ല... അല്‍പ്പം വെടക്കാണെന്ന്.
അങ്ങനെ മര്‍ക്കസിലെ ജീവിതം വളരെ നന്നായി മുന്നോട്ടു പോവുമ്പോള്‍ ദാ വരുന്നു സീസോണ്‍. ഒരു ഡ്രാമയില്‍ എനിക്കും കിട്ടി അവസരം.. ഓ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ഞാനായിരുന്നു. അങ്ങനെ ആ ഡ്രാമ കഴിഞ്ഞു. സീ സോണ്‍ കലാശക്കൊട്ടുമായി മര്‍ക്കസില്‍ എത്തിയ അന്ന് എന്നെ കെട്ടിപ്പിടിച്ച്, തകര്‍ത്തെടാ നിന്നെ എനിക്കിഷ്ടായി എന്ന് അവന്‍ പറഞ്ഞു. എന്താ നീ ഇങ്ങനെ പറയുന്നേ എന്ന് ഞാന്‍ ചോദിച്ചു. ശരിക്കും നിന്നെ ബാക്കി ഉള്ളവര്‍ക്ക് മുമ്പില്‍ നാണം കെടുത്താനാണ് ഇതുപോലത്തെ ഒരു കാരക്ടര്‍ തന്നു നാടകത്തില്‍ അഭിനയിപ്പിച്ചത്. പക്ഷെ നീ എല്ലാം അറിഞ്ഞപോലെ അതൊരു ചാലഞ്ചായി ഏറ്റെടുത്തു നന്നായി ചെയ്തു. നീയാടാ ആണ്‍കുട്ടീന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ എല്ലാം അറിയുന്നെ. അങ്ങനെയൊരു സ്‌റ്റോറി അതിനു പിറകില്‍ ഉണ്ടായിരുന്നെന്ന് മനസ്സിലാവുന്നെ. ശരിക്കും ഒരുപാട് വിഷമം തോന്നിയപ്പോള്‍ അവനെന്നെ സമാധാനിപ്പിച്ചു. അന്ന് മുതല്‍ ഞാന്‍ അവനെ ഇഷ്ടപ്പെട്ടു തുടങ്ങി.
ഒരുപാട് സമയമൊന്നും അവനോടൊപ്പം ചെലവഴിക്കാന്‍ അന്നെനിക്ക് കിട്ടിയില്ല. പ്രണയത്തിന്റെ ബിന്ദുവില്‍ ഞാന്‍ അലിഞ്ഞുതേര്‍ന്ന കാലമായിരുന്നല്ലോ അത്. എന്നാലും ഒരുപാട് തമാശകള്‍, മറക്കാനാവാത്ത നിമിഷങ്ങള്‍...മര്‍ക്കസ് അങ്ങനെ എല്ലാവര്‍ക്കും എന്ന പോലെ ഞാനും അടിച്ചു പൊളിച്ചു. മൂന്നു വര്‍ഷം തീര്‍ന്നു.
അതിനു ശേഷമാണ് ഞാനും അവനും ഒരുപാട് അടുത്തത്. ഒരിക്കല്‍ എന്നെ വിളിച്ച് ഒരു ജോലി ശരിയാക്കിത്തരുമോ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ എന്റെ കമ്പനിയില്‍ ആളെ ആവശ്യമുണ്ടെന്ന് മനസ്സിലാക്കി അണ്ണനോട് എറണാകുളം എത്താന്‍ പറഞ്ഞു. എങ്ങനെ വരും കൊച്ചിയിലേക്ക് എന്നായി അവന്റെ സംശയം. ഞാന്‍ പറഞ്ഞു, ട്രെയിനില്‍ വാ. അപ്പോഴാണ് ആ സത്യം ഞാന്‍ മനസ്സിലാക്കിയത്. അവനതു വരെ ട്രെയിനില്‍ കയറിയിട്ടില്ല. ഒറ്റയ്ക്ക് ആദ്യമായി കയറിയാല്‍ ശരിയാവില്ല എന്നൊക്കെപ്പറഞ്ഞപ്പോള്‍ വരാന്‍ പേടിയായിട്ടല്ലേ എന്ന് ഞാന്‍ കളിയാക്കി. ഒടുവില്‍ കാദറിനെ വിളിച്ചു പറഞ്ഞു. അങ്ങനെ കാദറിന്റ കൂടെ അവന്റെ ആദ്യ ്‌ട്രെയിന്‍ യാത്ര. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവന്‍ പറഞ്ഞു, എടാ നമുക്ക് ട്രെയിനില്‍ എവിടെയും പിടിക്കാതെ നടക്കാം. ഇതും പറഞ്ഞ് ഞാന്‍ ഒരുപാട് കളിയാക്കിയിട്ടുണ്ട് അവനെ.
ഏകദേശം ഒരു വര്‍ഷം കൂടി കഴിഞ്ഞു. ഒരു ദിവസം എന്നെ വിളിച്ച് നമുക്ക് എം.ബി.എ ചെയാതാലോ എന്നൊരു ചോദ്യം. സത്യം പറഞ്ഞാല്‍ ഞാന്‍ അന്നുവരെ അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടു പോലുമില്ല. ഞാന്‍ ഉണ്ടെങ്കില്‍ അവനും ഉണ്ട് എന്നു പറഞ്ഞപ്പോള്‍ സത്യായിട്ടും ഞാനൊന്നു പൊങ്ങിട്ടോ. പിന്നെ അതിന്റെ സാധ്യതകളും മറ്റും അന്വേഷിച്ചു. അങ്ങനെ ഞങ്ങള്‍ എം.ബി.എക്ക് ചേര്‍ന്നു. ഞാനും അവനും ഹോസ്റ്റലില്‍ ഒരേ മുറിയില്‍. രാത്രി കിടക്കുന്നതിനു മുമ്പ് പഴയ കഥകള്‍ പറഞ്ഞ് രസിക്കുന്നത് അവന്‍ ശീലമാക്കി. ഞാനാണെങ്കില്‍ ഫുള്‍ടൈം ഫോണില്‍. പ്രണയത്തിന്റെ നേരത്തേ പറഞ്ഞ ബിന്ദുവില്‍. അവന്‍ പറയും ഈ ഡാഷ് ആസിഫ് താനാളൂക്ക് റെയ്ഞ്ചും പിടിച്ച് കിടക്കുവാണ്, എനിക്ക് ആരുമില്ല സംസാരിക്കാന്‍. പൊച്ചൂ (ഷഹീര്‍) നീ ഇങ്ങു വരുമോ എന്ന് എം.ബി.എയ്ക്ക് ഞങ്ങളുടെ സീനിയറായിരുന്ന പൊച്ചുവിന് ഫോണ്‍ ചെയ്യും. എന്നിട്ട് രണ്ടുപേരുമിരുന്ന് പിരാകും. അവള്‍ മൂടും തട്ടി പോവുമ്പോ ഞങ്ങളെ ഉണ്ടാവൂ. അപ്പോള്‍ എനിക്ക് ദേഷ്യം വരും. അവളെപ്പറ്റി പറയണ്ടാ എന്ന് പറഞ്ഞ് ഞാന്‍ അവനുമായി അടി കൂടും.
അവസാനം അത് തന്നെ സംഭവിച്ചു. ഇഷ്ടങ്ങളുടെ നിമിഷങ്ങള്‍ക്ക് പൂര്‍ണവിരാമം. സമാധാനം കിട്ടാന്‍ ആദ്യം ഓടിയത് അണ്ണന്റെ അടുത്തേക്കാണ്. അന്ന് ആദ്യമായി ഞാന്‍ അണ്ണന്റെ ഓവുപാലം എന്ന സ്ഥലം കണ്ടു. അവടെ ഒരു കെട്ടിടത്തില്‍ വച്ച് ഞാന്‍ തേങ്ങിക്കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ അണ്ണാ..മറക്കില്ലടാ.. ആ ദിവസം. ഇടയ്‌ക്കെപ്പഴോ അവന്‍ പഠിത്തം നിര്‍ത്തി ഗള്‍ഫില്‍ പോയി...പ്രവാസിയായി. ഒരു വിവരവമില്ല. അങ്ങിനെ എം.ബി.എ കഴിഞ്ഞു.
ഞാനും പ്രവാസിയാവാന്‍ വിമാനം കയറുമ്പോള്‍ പൊച്ചുവാണ് വന്ന് പറഞ്ഞത്. അണ്ണന്‍ ദുബൈ സിറ്റിയില്‍ ആണ്, അവന്റെ മുറിയില്‍ ബെഡ് സ്‌പേസ് ഉണ്ട്, അത് ശരിയാക്കിയിട്ടുണ്ട് എന്നൊക്കെ. സത്യം പറഞ്ഞാല്‍ അണ്ണനെ ഞാനൊന്നു വിളിച്ചിട്ടു പോലുമില്ല. ഞാന്‍ ദുബൈയില്‍ എത്തിയപ്പോള്‍ എനിക്ക് വേണ്ടതെല്ലാം അവിടെ റെഡിയായിരുന്നു. എന്നും രാവിലെ അണ്ണന്‍ ജോലിക്കും ഞാന്‍ ജോലി അന്വേഷണത്തിനും പോവും. വൈകീട്ട് സിഗരറ്റ് വാങ്ങി വരാം എന്നായിരുന്നു എന്നും അണ്ണന്റെ യാത്ര പറച്ചില്‍. പിന്നെ വൈകുന്നേരം ഒരുമിച്ച് ഉണക്ക ഖുബ്ബൂസും ചായയും കുടിച്ചു. ദുബൈ എന്ന സ്വപ്‌നനഗരത്തിന്റെ ദേശീയ ഭക്ഷണം എന്നൊക്കെ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കളിയാക്കി മെല്ലെ ടെറസ്സിനു മുകളിലേക്ക്. അവിടെ ഏതോ അറബി വലിച്ചെറിഞ്ഞ സോഫകള്‍ ഉണ്ട്. അതില്‍ കയറിയിരുന്ന് പഴയ ഓര്‍മകളിലേക്ക്.
പണ്ട് പലരുടെയും പച്ചയിറച്ചി തിന്നതൊക്കെ പറഞ്ഞ് ഒരു വലിയൊക്കെ ഇട്ട് നാലഞ്ച് മണിക്കൂര്‍. റംഷി, റിയാസ്, ഷാനിദ, പൊച്ചു, ഷെറിന്‍, മന്‍സൂര്‍, ശ്രുതി, കാദര്‍, വലീദ്, അനസ്, അലി, ബുഷ്‌റ, റിജുന്‍, ഇന്ദു, രഞ്ജിത്ത്, നിഷ അങ്ങിനെ എത്രയെത്ര പേരെക്കുറിച്ചാണ് അന്ന് സംസാരിച്ചിരുന്നത്. ഓരോരുത്തരുടെയും പണ്ടത്തെയും ഇന്നത്തെയും അവസ്ഥകള്‍. അവന്‍ എന്നും വളരെ വിഷമത്തോടെ പറയുന്ന ഒരു പേരാണ് റിയാസ്. റിയാസിനെ എങ്ങിനെയെങ്കിലും സഹായിക്കണം...അങ്ങിനെ അവനെ സഹായിക്കാന്‍ ഒരുപാട് പ്ലാനുമൊക്കെ അവന്‍ എന്നോട് പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ അവന്റെ വാക്കുകള്‍ മാത്രമേ എന്റെ അടുത്തുള്ളൂ. ഇന്‍ഷാ അല്ലാഹ്... അവന്‍ പറഞ്ഞ രീതിയിലുള്ള അവസരങ്ങള്‍..അണ്ണാ അതൊക്കെ വരികയാണെങ്കില്‍ നമുക്ക് നമ്മുടെ റിയാസിനെ നീ പറഞ്ഞ പോലെ കരകയറ്റണം, അവനെ എന്നല്ല നമ്മുടെ എല്ലാ കൂട്ടുകാരെയും...ഇന്‍ഷാ അല്ലാഹ്.. അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീന്‍.
വിരഹ ദു:ഖത്തിന്റെ മൂഡില്‍ സിഗരറ്റ് കത്തിച്ചിരിക്കുമ്പോള്‍ നമ്മള്‍ പരസ്പരം പറയാറില്ലേ അണ്ണാ.. ഭയങ്കര ഏകാന്തത...നമ്മുടെ ടീമിനെ ശരിക്കും മിസ് ചെയ്യുന്നു എന്നൊക്കെ. അന്നു നമ്മള്‍ രണ്ടുപേരും എന്നും ഒരുമിച്ചുണ്ടായിരുന്നു. ഇടക്ക് ഒരുപാട് തമാശകളുമായി എത്തുന്ന പൊച്ചുവും റംഷിയും. ഇന്നിപ്പോള്‍ അണ്ണാ...നിന്നെ അവസാനമായി ഒന്നു കാണാന്‍ പോലും പറ്റിയില്ലല്ലോടാ...അലി പറഞ്ഞപോലെ നിന്നെ കാണാന്‍ പറ്റാതിരുന്നതിന്റെ തേങ്ങല്‍ ഒരിക്കലും മനസ്സില്‍ നിന്നു മായില്ല.
ഇന്നിപ്പോ ടെറസിനു മുകളില്‍ ഞാന്‍ ഒറ്റയ്ക്കാണ്. സൊറ പറഞ്ഞിരിക്കാന്‍ ആരും കൂട്ടിനില്ലാതെ. ഹൗ് ൗ മിിിിമ ഹൗ് ൗ ഹീെേ ി ഹീെേ…..

ലവ് യൂ അണ്ണാ..ലവ്‌സ് യു എലോട്ട്...






Thursday, 30 June 2011

Remembering Omer Shareef

From the facebook wall of M. Noushad
it’s hard to write about the loss of a person with whom many memories are connected in various ways by various friends. Omar Shareef, our friend, deserves more than a facebook note or update. May be our alumni scholarship scheme is to be named after him. While listening to his father, on the second day of Shareef’s funeral, I felt a deep anguish. His father earnestly wanted the culprits – the anonymous driver who refused to stop his vehicle and take our bleeding friend to the nearest hospital – to be punished. He was sitting silently when Shareef’s elder brother Ameen and his uncle were describing the last days at the hospital.

Then came the topic of tracing the anonymous driver who collided with the bike and fled. If he had stopped the vehicle and taken him to the nearest hospital, there wouldn’t have been this much loss of blood, at least. The head injury could have been less severe. The picture perhaps would have been a bit different (yes, despite the inevitability of our fates, of course!). At this moment, Shareef’s father spoke criticizing our system and its corruption. He also expressed hope saying that our country still has a rule of law; we are not living in complete anarchy. “I am emotional in this affair. I am his father, I lost my son”, he told us in English.

Ranjith, Rajesh and I listened to him, searching for empty consoling words. We told him that we would be with the family if they’re moving ahead with the legal procedure, if they need any sort of help from us. I’m writing this to share you about this promise, my friends. It goes without saying that it has become our moral responsibility to be in touch with his family, as long as they need it, because not only it would sooth their grief to some extent, but also it might help to find and punish the culprit(s). It’s not to avenge the injustice and pain our friend and his family suffered, but to serve as a lesson for our society, where at least the civil society remains vigilant and sensitive to people’s lives and possible losses. I consider Omer Shareef a martyr of our society’s alarmingly poor civic sense, among many other people being martyred on our roads every day. Prayers for his soul.


പറഞ്ഞു തീരാത്ത സംഭാഷണങ്ങള്‍ പോലെ

From Vandana's Facebook wall


ഇനി ഷരീഫ്‌ ഇല്ല, വിശ്വസിക്കാന്‍ പറ്റുന്നില്ല. ഓര്‍മയില്‍ എത്രയെത്ര ചിത്രങ്ങള്‍! ക്ലാസിന്റെ വാതില്‍ക്കല്‍ ഒരു വലിയ ബാഗും ടേപ്പ് റിക്കോര്‍ടറും ചുമന്നു "മിസ്സേ, ഞാന്‍ കേറിക്കോട്ടെ, എന്നെ വീട്ടില്‍ നിന്ന പിന്നേം പുറത്താകി" എന്ന് പറഞ്ഞു ദിവ്യാ മിസ്സിന്റെ പരിഭവം പൊട്ടിച്ചിരിയിലേക്ക് മാറ്റിയിരുന്ന ഷരീഫ്‌... 'ഗജിനി' റിലീസായ പാടെ അതിലെ പാടുകളുടെ അദൃശ്യമായ അകമ്പടിയോടെ വരാന്ത മുഴുവന്‍ ഡാന്‍സ് കളിച്ചു മാത്രം നടന്നിരുന്ന ഷരീഫ്‌... സെന്‍റ് ഓഫിന്റെ അന്ന് നിറയുന്ന കണ്ണുകളെ കളിയാക്കിക്കൊണ്ട്‌ നടക്കുന്നതിനിടെ പെട്ടെന്ന് തിരിഞ്ഞു നിന്നു കരഞ്ഞ ഷരീഫ്‌... ഇടയ്ക്കിടയ്ക്ക് വിളിച്ച്‌ ഒരുപാട് നേരം സംസാരിച്ചു ഒടുവില്‍ "എടാ ഞാന്‍ വെക്കട്ടെ..." എന്ന് ചോദിക്കുമ്പോള്‍ "നീ വെക്കല്ലേ, എനിക്കിനിയും പറയാനുണ്ട്..." എന്ന് അവസാനിപ്പിച്ചിരുന്ന പറഞ്ഞു തീരാത്ത സംഭാഷണങ്ങള്‍ പോലെ ഒന്നും പറഞ്ഞു തീരാതെ അണ്ണന്‍ പോയി...

Monday, 27 June 2011

ടിക്കറ്റെടുക്കാതെ ഹൃദയത്തിലേക്ക്

മൂന്നുവര്‍ഷം മുമ്പാണെന്നാണ് ഓര്‍മ. ഒരു ഉച്ച നേരത്ത് അണ്ണന്റെ കോള്‍. 'സാഹിബേ ഞാന്‍ ട്രെയിനിലാ. എന്നെ ടി.ടി.ഇ പിടിച്ചു. ടിക്കറ്റ് കാണാനില്ലെടാ..' എനിക്ക് ചിരിയാണ് വന്നത്. നീ ഫറോക്കില്‍ ഇറങ്ങു ഞാനവിടെയെത്താം എന്നും പറഞ്ഞ് മീഞ്ചന്തയിലെ താമസസ്ഥലത്ത് നിന്നും ഫറോക്കിലേക്ക് ബസ് കയറി.
അവിടെ എത്തിയപ്പോള്‍ അണ്ണനെ കാണുന്നില്ല. ഫോണിലേക്ക് വിളിച്ചു. ഇവിടെ പോലിസുകാര്‍ നില്‍ക്കുന്നിടത്തുണ്ടെന്ന് പറഞ്ഞ് പോയി നോക്കിയപ്പോള്‍ പോലിസുകാരേ ഇല്ല. ഞാന്‍ വീണ്ടും വിളിച്ചു. നീ എപ്പോ എവിടെയാ? 'ഞാനിതടാ കോഴിക്കോട് സ്‌റ്റേഷനില്‍ത്തന്നെയുണ്ട്'. ഇത്തവണ എനിക്ക് ചിരി വന്നില്ല. ഫറോക്കില്‍ ഇറങ്ങാന്‍ പറഞ്ഞിട്ട് അവന്‍ കോഴിക്കോട്ടെത്തിയിരിക്കുന്നു.'എന്നെ പിടിച്ചു വച്ചിരിക്കുകയാണ്. പത്തഞ്ഞൂറ് രൂപയുമായി നീ ഉടന്‍ സ്റ്റേഷനിലേക്ക് വരണം' എന്ന അഭ്യര്‍ഥനയും വന്നു. കൈയിലാണെങ്കില്‍ നുള്ളിപ്പെറുക്കിയാല്‍ ഒരു നൂറു രൂപ കാണും. കാശിന് ഇനി എന്ത് ചെയ്യും? ഉടനെ ഓഫിസിലെ സുഹൃത്തിനെ വിളിച്ചു കുറച്ച് പണവുമായി മീഞ്ചന്തയിലേക്ക് വരാന്‍ പറഞ്ഞു.
ബസ്സിലിരിക്കുമ്പോള്‍ രഞ്ജിത്തിന്റെ കോള്‍. 'എടാ ഞാന്‍ കുറേ ദൂരെയാണ്. അണ്ണന്റെ അടുത്തേക്ക് ചെല്ലൂ' എന്ന് രഞ്ജു. പത്തിരുപത് മിനിറ്റിനകം ഞാന്‍ കാശും വാങ്ങി കോഴിക്കോട് സ്‌റ്റേഷനിലെത്തി. അതാ മധ്യവയസ്‌കയായ ടി.ടി.ഇയുടെ അടുത്ത് പൂച്ചക്കുട്ടിയെപ്പോലെ നില്‍ക്കുന്നു നമ്മുടെ വീരശൂരപരാക്രമി. ഫറോക്കില്‍ ഇറങ്ങാഞ്ഞതിന് അവനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം? ടിക്കറ്റില്ലാത്തയാളെ ഇവര്‍ വിടുമോ? ഞാന്‍ കാശെടുത്ത് അണ്ണനു നീട്ടി. 'കാശു വേണ്ടടാ സാഹിബേ. അത് രഞ്ജിത്തിന്റെ സുഹൃത്ത് ഇപ്പോള്‍ ഇവിടെ കൊണ്ടു തന്നു പോയി.'
എങ്കില്‍ നീ ഇനി വൈകിക്കണ്ട. കാശുകൊടുത്ത് സംഗതി പറഞ്ഞ് തീര്‍ക്കെടാ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ മുഖത്തൊരു കള്ളച്ചിരി. അല്‍പ്പ സമയത്തിനു ശേഷം, അപ്പുറത്ത് നിന്ന ടി.ടി.ഇ അവനെ അടുത്തേക്ക് വിളിച്ചു. അണ്ണന്റെ കൈയിലുള്ള കട്ടിയുള്ള പുസ്തകത്തിലേക്ക് (എം.ബി.എ എന്‍ട്രന്‍സിന്റെ പ്രോസ് പെക്ടസായിരുന്നു അത്) നോക്കി അവര്‍ പറഞ്ഞു: 'മോന് ഐ.എ.എസ് പരീക്ഷ എഴുതണം എന്നല്ലേ പറഞ്ഞത്? എങ്കില്‍ പൊക്കോളൂ. ഫൈന്‍ തരണ്ട. പഠിച്ച് വലിയ ആളാവണം.' ഒരു മകനോടെന്ന വാല്‍സല്യത്തില്‍ ആ സ്ത്രീ പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ അണ്ണനെ നോക്കി. അവന് യാതൊരു കൂസലുമില്ല. ഓര്‍മയില്‍ നിന്ന് ഇനിയും മായാന്‍ കൂട്ടാക്കാത്ത ദിവസങ്ങളിലൊന്ന്.

Sunday, 26 June 2011

കളഞ്ഞുപോയ സുഹൃത്ത്

കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ


ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മ്രിദുലമായ് കൈകള്‍ ചേര്ത്തു നീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും


പ്രളയമാനെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞു നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ


ഒടുവില്‍ മന്ജാടി മുത്തു കൈ വിട്ടൊരു
ചെറിയ കുട്ടിതന്‍ കഥയോന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ
കഥയില്‍ മൌനം നിറച്ചിരിക്കുമ്പോഴും
അകലെ ആകാശ സീമയില്‍ ചായുന്ന
പകല് വറ്റി പതുക്കെ മായുന്നോരാ
പ്രണയ സൂര്യന്‍ ചുവപ്പിച്ചു നിര്‍ത്തിയ
ചെറിയ മേഘം വിഷാദ സ്മിതം തൂകി
ഇരുളില്‍ ഇല്ലാതെയാകുന്ന മാത്രയെ
തപസ്സു ചെയ്യുന്ന ദിക്കില്‍ നിന്‍ ഹൃദയവും
മിഴിയും അര്‍പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്‍
മിഴികള്‍ അന്നേ പതിപ്പിച്ചിതോര്‍മതന്‍
ചുവരില്‍ ചില്ലിട്ട് തൂക്കി ഞാന്‍ ചിത്രമായ്‌...


ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുണര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും


മുരുകന്‍ കാട്ടാക്കട

Friday, 24 June 2011

നിന്റെ സിഗരറ്റില്‍ നിന്നൊരു പുകയെടുക്കാന്‍...

അണ്ണാ,

നിന്നെപ്പറ്റി, നീ കൂടെകൊണ്ടുപോകാത്ത ഓര്‍മ്മകളെപ്പറ്റി എന്തെങ്കിലും എഴുതാന്‍ നമ്മുടെ സുഹൃത്തുക്കള്‍ കൊറേ ദിവസങ്ങളായി പറയുന്നു. നീ പോയി എന്ന് ഉള്‍ക്കൊള്ളാന്‍ മനസ്സ് ആവശ്യത്തിലേറെ സമയമെടുത്തതുകൊണ്ടാവും എന്റെ എഴുത്ത് ഇത്രയും വൈകുന്നത്. നിന്നെ വന്നൊന്ന് കണാന്‍ കഴിഞ്ഞില്ലല്ലൊ എന്ന് ഇപ്പൊഴും ചെറുതായി നെഞ്ചില്‍ ഉപ്പു പൊടിയുന്നുണ്ട്. കല്ല്യാണം കഴിഞ്ഞ് ഭാര്യവീട്ടില്‍ വിരുന്നിന് പോകാനിറങ്ങുമ്പോഴാണ് റിയാസ് വിളിച്ചത്. കല്ല്യാണം കഴിച്ചതിന്റെ പേരിലുള്ള മക്കാറാക്കലിന് വിളിച്ചതാണെന്നാണാദ്യം കരുതിയത്. പക്ഷെ ഓന്‍ വിളറിയ ശബ്ദത്തില്‍ പറഞ്ഞത് കേള്‍ക്കാന്‍ അത്ര സുഖമുള്ള വാര്‍ത്തയായിരുന്നില്ല. ഈ വാര്‍ത്ത് കേട്ട എല്ലാ മര്‍ക്കസുകാരേയും പോലെ ഞാനും ഉരുകി പ്രര്‍ത്ഥിച്ചെടാ.. അനക്കൊന്നും വരല്ലേന്ന്. ആശുപത്രിയിലേക്ക് ഓരോ തവണയും വലീദിനെയും റംഷിയെയും ഒക്കെ വിളിക്കുമ്പോഴും, ദൈവമേ, വാക്കുകളില്‍ പ്രതീക്ഷകളുണ്ടാവണേ എന്ന് കൊതിച്ചു. അവസാനം അവരൊക്കെ വലിയ പ്രതീക്ഷകളായി തന്നത്. നിന്റെ അവസ്ഥ ദിനേന മെച്ചപ്പെടുന്നുണ്ട്. ഹെമറ്റോമ ഭേദമയി, നീ പ്രതികരിച്ചു, നിന്നെ പഴയതിനേക്കള്‍ ഉഷാറാക്കാം എന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു- നീ ഉഷറായി തിരിച്ചു വരും. ബോധം വന്നതിന് ശേഷം ഭാര്യാ സമേതം നിന്നെ കാണാന്‍ വരണം.
അങ്ങനെയങ്ങനെ പിന്നെ ഞാന്‍ പതിവു ജീവിതത്തിലേക്ക് ബസുകയറി. ജോലിയില്‍ തിരികെകയറി ഒരാഴ്ച, ഒരു ശനിയാഴ്ച രാവിലെ നൗഷദ് സാര്‍ വിളിച്ചാണ് വിവരം പറഞ്ഞത്. അപ്പോള്‍തന്നെ ഞാന്‍ യാത്ര തിരിച്ചതാണെടാ- പ്രിയപ്പെട്ടവരില്‍നിന്നും ഇത്ര ദൂരെയാണ് ഞാന്‍ പണിയെടുക്കുന്നതെന്ന് അന്നെനിക്ക് മനസ്സിലായി. ഞാന്‍ കയറിയ ബസ് എടപ്പാള്‍ എത്തിയപ്പോള്‍ സമയം എട്ടുമണി കഴിഞ്ഞിരിരുന്നു. നീ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇറങ്ങുമായിരുന്നെടാ.. എടപ്പാള്‍ ഇനി ഒരിക്കലും ശ്രദ്ധിക്കേണ്ടാത്ത സ്റ്റോപ്പായി മാറിയിരിക്കുന്നു. ദൈവമേ.. ഡാ അവസനമായി ഞാന്‍ അസമയത്ത് നിന്റെ നാട്ടില്‍ ബസിറങ്ങിയതെന്നാണെന്നോര്‍മ്മയുണ്ടോ? അന്ന് കാദറിന്റെ ഏട്ടന്റെ കല്ല്യാണത്തിന് പോയത്. രാത്രി ഒരു 12മണിയായിക്കാണും അല്ലെ? പ്രത്യേകിച്ച് ഒന്നും സഭവിക്കുമായിരുന്നില്ലാത്ത ഒരു കെ. എസ്. ആര്‍.ടി.സി. യാത്രയില്‍ വെറുതെ നിന്റെ ഉറക്കച്ചടവ് കേള്‍ക്കാന്‍ ഒന്ന് വിളിച്ചുനോക്കിയതാണ്. പക്ഷെ നീ എന്നോട് പറഞ്ഞത് ഉടനെ അവിടെ ഇറങ്ങാനായിരുന്നു. തോന്നുന്നിടത്ത് ഇറങ്ങാനും തോ്ന്നുന്നിടത്ത് ഉറങ്ങാനും അന്ന് നമുക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നല്ലോ. അങ്ങനെ നമ്മള്‍ നിന്റെ ആ നശിച്ച വണ്ടിയില്‍ നട്ടപ്പാതിരാക്ക് കാടമ്പുഴ പോയതോര്‍മ്മയുണ്ടോ? തണുപ്പത്ത് നിന്നെ കെട്ടിപ്പിടിച്ച്- എനിക്ക് ബൈക്കിന്റെ പിറകിലിരുന്ന് യാത്രചെയ്യാന്‍ കൂടുതല്‍ അവസരമുണ്ടായിട്ടില്ലാത്തതുകൊണ്ടായിരിക്കണം- ആ യാത്ര ഞാന്‍ ശരിക്കും ആഘോഷിച്ചത്.
പണ്ട് നമ്മള്‍ മര്‍കസില്‍ വന്നകാലത്ത് നീ സംസാരിക്കുമ്പോള്‍ പല വാക്കുകളും എനിക്ക് മനസ്സിലായിരുന്നില്ല. പിന്നെപ്പിന്നെ അതൊരു പ്രശ്‌നമല്ലാതായി കാരണം എനിക്ക്് നിന്നെ മനസ്സിലായിരുന്നു. നീ മുറിയില്‍ താമസിക്കാന്‍ വരുന്ന ദിവസം അവിടെ നീ എന്തൊക്കെയൊ സംഭവിപ്പിച്ചു. എല്ലാ രാത്രികളിലും നീ കുളിച്ച് തലതോര്‍ത്താതെ വന്നു. ഒരിക്കലും നിനക്ക് പനിപിടിച്ചില്ല. രാത്രികളില്‍ നീ നല്ല വസ്ത്രങ്ങളിട്ടു കിടന്നുറങ്ങി. എന്നും രാവിലെ കൃത്യമായി അമ്പരപ്പിക്കുന്ന കണികള്‍ കാണിച്ച് ഉണര്‍ത്തി ഞങ്ങളുടെ ദിവസങ്ങളെ ഉഷാറാക്കി. നമ്മുടെ രാത്രികള്‍ക്ക് മൂടാലിലെ തട്ടുകടകളിലെ കട്ടഞ്ചായയുടെ നിറം കിട്ടി. മര്‍കസിന്റെ ചരിത്രത്തില്‍ ആദ്യമായി നീ എസ്.എഫ്.ഐ. യുടെ യൂണിറ്റിട്ടൂ നീ സെക്രട്ടറിയും ഞാന്‍ പ്രസിഡന്റുമായി. എല്ലാവരുടെ കയ്യില്‍നിന്നും നീ ഒരു രൂപാ മെംബെര്‍ഷിപ്പ് പിരിച്ചു. റിയാസിനു വരെ നീ എസ്.എഫ്.ഐ മെംബെര്‍ഷിപ്പ് കൊടുത്തു എന്നാണോര്‍മ്മ.
മൂടാല്‍ ഹൈദരാലിയുടെ കൂടെ തിരൂരില്‍ സംസ്ഥാന തല യുവജനോത്സവം കാണാന്‍ പോയതോര്‍മ്മയുണ്ടോ? അന്ന് ഹൈദരാലിപറഞ്ഞ കൊറേ ബഡായികളുടെ കൂട്ടത്തില്‍ അവരന്‍ പണ്ട് ബാലസംഗത്തില്‍ ഉണ്ടായിരുന്ന അവന്റെ സുഹൃത്തുക്കളായിരുന്ന കൊറേ പെണ്‍കുട്ടികളെപ്പറ്റി പറഞ്ഞത് ഓര്‍മയുണ്ടോ? അതിലൊരു പെണ്‍കുട്ടിയെയാണെടാ എനിക്ക് ബീഡരായി കിട്ടിയത്.
നിന്റെ ഒരു പ്രണയ നൈരാശ്യകാലത്ത് ചുങ്കത്തെ മുറിയിലിരുന്ന് നമ്മള്‍ പാട്ടെഴുതിയതോര്‍മ്മയുണ്ടോ? നമ്മളുണ്ടാക്കിയ പാട്ടുകള്‍ സമാഹരിക്കുകയാണെങ്കില്‍ ഒരു പുസ്തകമാക്കാം. റിയാസിന്റെ പാട്ടുകള്‍ മാത്രം എത്രയുണ്ട്! അന്ന് നമ്മളുണ്ടാക്കിയത്- 'അന്തിക്ക് ഞാന്‍ മോന്തും കള്ളിന് കയ്യും കണക്കില്ല പെണ്ണേ..' മറന്നുപോയെടാ.. ചില വരികള്‍ മാത്രം ഓര്‍മ്മയുടെ വെളിച്ചത്തിലേക്ക് കോട്ടുവായിട്ടു വരുന്നു. '' നിന്റപ്പനെന്നെ കണ്ടതും ഞാന്‍ സൈക്കിളേറിപ്പാഞ്ഞതും; മറക്കാമോ പ്രിയസഖി നിന്റപ്പനെന്ന കാലനേ''.. അവസാനവരി ഞാന്‍ എന്തായലും മറന്നിട്ടില്ല- ''വഞ്ചകീ നീ ഇന്നാ കോന്തനെയോര്‍ത്ത് കിടക്കുമ്പോള്‍; നട്ടപ്പാതിരക്ക് ഞാനീ മാനവും നോക്കിക്കിടക്കുന്നേ..''
എനിക്ക് തോന്നുന്നത് മര്‍കസില്‍ നമ്മള്‍ തമ്മില്‍ മാത്രമേ ആ കാലത്ത് വഴക്കുണ്ടായിട്ടൊള്ളൂ എന്നാണ്. അന്ന് മാട്ടുമ്മലെ ക്യാമ്പില്‍ വച്ച്- അത്ര അപക്വവും ലോലവുമാണ് എന്റെ മനസ്സെന്ന് അന്ന് നീ മനസ്സിലാക്കിയിരുന്നിരിക്കില്ല. എന്തൊക്കെയായാലും ആ അദ്ധ്യായത്തില്‍ ഏറ്റവും വ്യക്തമായി എന്റെ മനസ്സിലുള്ള ചിത്രം അന്ന് ആ കോണിപ്പടിക്കടുത്തുനിന്ന് വളരെ അപ്രതീക്ഷിതമായി നീ വന്ന് എന്നെ കെട്ടിപ്പിടിച്ചതാണ്. അല്ലെങ്കിലും ഒരു കെട്ടിപ്പിടുത്തത്തില്‍ തീരാത്ത വഴക്കുണ്ടാക്കുവാന്‍ നമ്മള്‍ക്കാര്‍ക്കെങ്കിലുമാവുമോ? പിന്നെയും ശേഷിച്ച പിണക്കത്തുള്ളികളെ തുടച്ചുമാറ്റാന്‍ നീ എനിക്കൊരു സമ്മാനം തന്നതോര്‍മയുണ്ടോ? ഒരു പെണ്‍കുട്ടിയുടെ ചിത്രം. ഖബറിടത്തിലേക്ക് നിന്നെ കാണാന്‍ വരുന്നവഴി നിന്റെ അനിയനോട് ഞാനതുപറഞ്ഞു. അത് അവന്‍ വരച്ചതായിരുന്നല്ലേ? അവനത് തിരിച്ച് ചോദിക്കുന്നുണ്ട്. ഞാനെന്താണ് ചെയ്യേണ്ടത്? അത് കൊടുക്കാന്‍ എനിക്ക് മനസ്സുവരുന്നില്ലെടാ.അവന്‍ പറഞ്ഞ മറ്റൊരു വാചകം എന്നെ പിന്നേയും ദുര്‍ബലനാക്കുന്നെടാ.''പണ്ട് എന്റടുത്തൂന്ന് വാങ്ങിക്കൊണ്ട് പോയതാ.. അടുത്ത ഒരു കൂട്ടുകാരന് കൊടുക്കാനാണെന്നാ പറഞ്ഞത്.'
മര്‍കസ് കാലം കഴിഞ്ഞ് സൗരയൂധത്തിന്റെ ഓരോരോ മൂലകളിലേക്ക് നമ്മള്‍ പറിച്ചു നട്ടതിനു ശേഷവും ജീവിതത്തിന്റെ വേനല്‍ക്കാലങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാതെ നിന്റെ ഫോണ്‍ വിളികള്‍ മഴപെയ്യിച്ചു. അവസാനം നീ വിളിച്ചതോര്‍മ്മയുണ്ടോ? കുറ്റിപ്പുറം മദ്യദുരന്തത്തിന്റെ അന്ന്. അന്ന് നീ ഒരുപാടു ചിരിച്ചു. ആ നരകപാനീയശാലയുമായുള്ള ആത്മബന്ധം ആളുകളുടെ മരണത്തെ ഒരു തമാശയാക്കി.
എന്റെ ഏറ്റവും കെട്ടകാലങ്ങളില്‍ തോളില്‍കയ്യിട്ട് നീയുണ്ടായിരുന്നു- നമ്മുടെ രണ്ടുപേരുടേയും കടിഞ്ഞൂല്‍ പ്രണയ പരാജയങ്ങള്‍ ഏതാണ്ട് ഒരേ പരീക്ഷാകാലത്തായിരുന്നു. ഒരുമിച്ചല്ലെങ്കിലും ആ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരുന്നു. നീ അണിഞ്ഞിരുന്ന പരുഷതയുടെ മുഖംമൂടിക്കടിയിലൂടെ ഒന്നു കാമുകന്‍ പാളിനോക്കുന്നത് പലപ്പോഴും ഞങ്ങള്‍ കണ്ടു.അന്ന് അനങ്ങന്‍ മലയുടെ മടിയില്‍ നിന്ന് നമ്മളെടുത്തുകൊണ്ടുവന്ന ആ ആട്ടിന്‍ കുട്ടി നമ്മളൊരോരുത്തരേയും എന്തൊക്കെയോ ആക്കി മാറ്റിയതൊര്‍ക്കുന്നില്ലെ? എനിക്കത് പിതൃത്വത്തിന്റെ നെടുവീര്‍പ്പ് ആദ്യമായ് അറിഞ്ഞ ദിവസമായിരുന്നു. നിന്നില്‍ കണ്ടത് ഒരു ചെറിയ കുഞ്ഞിനെ- ഉമ്മയുടെ മടിയില്‍ കിടന്ന് പൂക്കള്‍ നോക്കി ചിരിക്കുന്ന- ഞങ്ങള്‍ക്കൊപ്പം കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ഷെരീഫിനെ അന്ന് കണ്ടു. നിന്റെ കാലാവസ്ഥകള്‍ പെട്ടെന്ന് മാറിമറഞ്ഞു. മഴയായ് തിമിര്‍ത്ത് പെയ്യുന്നതിനിടയില്‍ പൊടുന്നനെ നീപോലുമറിയാതെ നിന്റെ ആകാശത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞു.
നിന്നെക്കുറിച്ച് എഴുതിത്തുടങ്ങി ഇപ്പോള്‍ ഇതൊന്ന് അവസാനിക്കാന്‍ പാടുപെടുകയാണെടാ.. എത്ര എഴുതിയിട്ടും മനസ്സിലെ ആ ഇരുണ്ട ശൂന്യത മായുന്നില്ലെടാ. അന്ന് നിന്നെകണ്ട് മടങ്ങുമ്പോഴൊന്നും ഇത്ര വലിയ പ്രശ്‌നമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഒറ്റക്കാവുന്ന രാത്രികളിലാണ് എനിക്ക് ബോധ്യങ്ങള്‍ ഉണ്ടാവുന്നത്. നീ പോയി.
സാരമില്ലെടാ. നീ വിഷമിക്കെണ്ട.. ഞാനും വിഷമങ്ങള്‍ മുഖം കഴുകാം. നീ പോയത്
കുറച്ചു നേരത്തെയായിപ്പോയി.
സാരമില്ല. ഞാനും വരുന്നുണ്ട്.
ഞങ്ങളെല്ലാം വരുന്നുണ്ട്.
നിന്റെ സിഗരെറ്റില്‍നിന്നൊരു പുകയെടുക്കാന്‍..

രഞ്ജിത്‌

Tuesday, 21 June 2011

Rasheed Kottaram says...

യുവ മാധ്യമപ്രവര്‍ത്തകനും മര്‍ക്കസിലെ ബി.എ ഫങ്ഷനല്‍ ഇംഗ്ലീഷ് (2005-08 ബാച്ച്) പൂര്‍വ വിദ്യാര്‍ഥിയുമായ റഷീദ് നമ്മുടെ ശരീഫിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ 2011 മെയ് 31ന് ഇപ്രകാരം കുറിച്ചു.

a sad demise of our annan

i dont know how to explain the moment wen i heard that news from kpm riyas.i was then fully engaged with my hectic work schedule.wen riyas told that our shareef  annan  died, i was shocked. though i had known that he was in hospital, i thought he would be cured soon.

in fact, i have been always keeping a distance from shareef. it was nothing but other than  fear.the reason why y first day at markas. wen i first reached at markaz campus, shreef and remshy came and asked my name. then he asked me do u knw national anthem? yes. i replied with immense fear.then shareef instructed me to write anthem 25 times. since then i had looked him with fear. during the last time we met at markaz as part of fare well cermony to principal,a little prgress i felt. lots of jokes heard from shareef  in that day. it was the first time i interacted with shareef annan with free. but no longer   http://akakkamp.blogspot.com/2011/05/sad-demise-of-our-annan.html

Monday, 20 June 2011

സുഹൃത്തുക്കളെ,
നമ്മുടെ എല്ലാമായിരുന്ന ഉമര്‍ ശരീഫുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവയ്ക്കാനൊരിടം ഒരുക്കിയിരിക്കുകയാണ്. അണ്ണനെപ്പറ്റി നിങ്ങള്‍ക്ക് പറയാനുള്ളത് ourannan@gmail.com എന്ന വിലാസത്തില്‍ അയച്ചു തന്നാലും...
സ്‌നേഹത്തോടെ,
റിയാസും രഞ്ജിത്തും


Friends,
Plz send ur memories with our Omar sherif to ourannan@gmail.com.
With love,
Riyas and Ranjith

Visited

Followers