Sunday, 26 June 2011

കളഞ്ഞുപോയ സുഹൃത്ത്

കനവു കണ്ടു ഞാന്‍ നിന്നെ സുഹൃത്തെ നിന്‍
കനലു ചിന്തുന്ന വാക്കിന്റെ തീരത്ത്
കടല് കാണുന്ന കുട്ടിയെ പോലെ ഞാന്‍
വിരലു കൊണ്ടു കളം തീര്‍ത്ത്‌ നില്‍ക്കവേ


ചടുല വാക്കുകള്‍ കൊണ്ടെന്റെ തോളത്തു
മ്രിദുലമായ് കൈകള്‍ ചേര്ത്തു നീ പുഞ്ചിരി
വിതറി എന്നോട് ചൊല്ലി നീ സ്നേഹിതാ
താണ്ടിടാന്‍ കാതം ഏറെയുണ്ടെന്നുള്ള
തോന്നലെന്നെ നയിക്കുന്നതിപ്പോഴും


പ്രളയമാനെനിക്കിന്നീ പ്രപഞ്ചവും പ്രണയവും
നീ പറഞ്ഞു നിറുത്തവേ
അകലെ മായുന്ന കടല്‍ മുഴക്കം കേട്ടു
സമയമായി നമുക്കെന്നു ചൊല്ലി നീ


ഒടുവില്‍ മന്ജാടി മുത്തു കൈ വിട്ടൊരു
ചെറിയ കുട്ടിതന്‍ കഥയോന്നുരച്ചു നീ
വിളറി വദനം വിഷാദം മറച്ചു നീ
കഥയില്‍ മൌനം നിറച്ചിരിക്കുമ്പോഴും
അകലെ ആകാശ സീമയില്‍ ചായുന്ന
പകല് വറ്റി പതുക്കെ മായുന്നോരാ
പ്രണയ സൂര്യന്‍ ചുവപ്പിച്ചു നിര്‍ത്തിയ
ചെറിയ മേഘം വിഷാദ സ്മിതം തൂകി
ഇരുളില്‍ ഇല്ലാതെയാകുന്ന മാത്രയെ
തപസ്സു ചെയ്യുന്ന ദിക്കില്‍ നിന്‍ ഹൃദയവും
മിഴിയും അര്‍പ്പിച്ചിരിക്കുന്ന കാഴ്ച്ചയെന്‍
മിഴികള്‍ അന്നേ പതിപ്പിച്ചിതോര്‍മതന്‍
ചുവരില്‍ ചില്ലിട്ട് തൂക്കി ഞാന്‍ ചിത്രമായ്‌...


ദുഖിക്കുവാന്‍ വേണ്ടി മാത്രമാണെങ്കിലീ
നിര്‍ബന്ധ ജീവിതം ആര്‍ക്കു വേണ്ടി
ഉത്തരമില്ലാത്ത നിന്റെ ചോദ്യങ്ങള്‍ക്കൊരുത്തരം
പോലീ പുകച്ചുരുളുകള്‍

പിരിയുവാനെന്നില്‍ ഒറ്റയ്ക്കു പാതകള്‍
പണിതു നീ യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌
ഒരു കൊടുംകാറ്റുറക്കി നീ എരിയുന്ന
ചിത കരിമ്പുകച്ചുരുളുണര്‍ത്തീടുന്ന
പഴയ തീരത്തിരുന്നു ഞാന്‍ കാണുന്ന
കനവില്‍ നീ പുഞ്ചിരിക്കുന്നു പിന്നെയും


മുരുകന്‍ കാട്ടാക്കട

No comments:

Post a Comment

Visited

Followers