Monday, 27 June 2011

ടിക്കറ്റെടുക്കാതെ ഹൃദയത്തിലേക്ക്

മൂന്നുവര്‍ഷം മുമ്പാണെന്നാണ് ഓര്‍മ. ഒരു ഉച്ച നേരത്ത് അണ്ണന്റെ കോള്‍. 'സാഹിബേ ഞാന്‍ ട്രെയിനിലാ. എന്നെ ടി.ടി.ഇ പിടിച്ചു. ടിക്കറ്റ് കാണാനില്ലെടാ..' എനിക്ക് ചിരിയാണ് വന്നത്. നീ ഫറോക്കില്‍ ഇറങ്ങു ഞാനവിടെയെത്താം എന്നും പറഞ്ഞ് മീഞ്ചന്തയിലെ താമസസ്ഥലത്ത് നിന്നും ഫറോക്കിലേക്ക് ബസ് കയറി.
അവിടെ എത്തിയപ്പോള്‍ അണ്ണനെ കാണുന്നില്ല. ഫോണിലേക്ക് വിളിച്ചു. ഇവിടെ പോലിസുകാര്‍ നില്‍ക്കുന്നിടത്തുണ്ടെന്ന് പറഞ്ഞ് പോയി നോക്കിയപ്പോള്‍ പോലിസുകാരേ ഇല്ല. ഞാന്‍ വീണ്ടും വിളിച്ചു. നീ എപ്പോ എവിടെയാ? 'ഞാനിതടാ കോഴിക്കോട് സ്‌റ്റേഷനില്‍ത്തന്നെയുണ്ട്'. ഇത്തവണ എനിക്ക് ചിരി വന്നില്ല. ഫറോക്കില്‍ ഇറങ്ങാന്‍ പറഞ്ഞിട്ട് അവന്‍ കോഴിക്കോട്ടെത്തിയിരിക്കുന്നു.'എന്നെ പിടിച്ചു വച്ചിരിക്കുകയാണ്. പത്തഞ്ഞൂറ് രൂപയുമായി നീ ഉടന്‍ സ്റ്റേഷനിലേക്ക് വരണം' എന്ന അഭ്യര്‍ഥനയും വന്നു. കൈയിലാണെങ്കില്‍ നുള്ളിപ്പെറുക്കിയാല്‍ ഒരു നൂറു രൂപ കാണും. കാശിന് ഇനി എന്ത് ചെയ്യും? ഉടനെ ഓഫിസിലെ സുഹൃത്തിനെ വിളിച്ചു കുറച്ച് പണവുമായി മീഞ്ചന്തയിലേക്ക് വരാന്‍ പറഞ്ഞു.
ബസ്സിലിരിക്കുമ്പോള്‍ രഞ്ജിത്തിന്റെ കോള്‍. 'എടാ ഞാന്‍ കുറേ ദൂരെയാണ്. അണ്ണന്റെ അടുത്തേക്ക് ചെല്ലൂ' എന്ന് രഞ്ജു. പത്തിരുപത് മിനിറ്റിനകം ഞാന്‍ കാശും വാങ്ങി കോഴിക്കോട് സ്‌റ്റേഷനിലെത്തി. അതാ മധ്യവയസ്‌കയായ ടി.ടി.ഇയുടെ അടുത്ത് പൂച്ചക്കുട്ടിയെപ്പോലെ നില്‍ക്കുന്നു നമ്മുടെ വീരശൂരപരാക്രമി. ഫറോക്കില്‍ ഇറങ്ങാഞ്ഞതിന് അവനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം? ടിക്കറ്റില്ലാത്തയാളെ ഇവര്‍ വിടുമോ? ഞാന്‍ കാശെടുത്ത് അണ്ണനു നീട്ടി. 'കാശു വേണ്ടടാ സാഹിബേ. അത് രഞ്ജിത്തിന്റെ സുഹൃത്ത് ഇപ്പോള്‍ ഇവിടെ കൊണ്ടു തന്നു പോയി.'
എങ്കില്‍ നീ ഇനി വൈകിക്കണ്ട. കാശുകൊടുത്ത് സംഗതി പറഞ്ഞ് തീര്‍ക്കെടാ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ മുഖത്തൊരു കള്ളച്ചിരി. അല്‍പ്പ സമയത്തിനു ശേഷം, അപ്പുറത്ത് നിന്ന ടി.ടി.ഇ അവനെ അടുത്തേക്ക് വിളിച്ചു. അണ്ണന്റെ കൈയിലുള്ള കട്ടിയുള്ള പുസ്തകത്തിലേക്ക് (എം.ബി.എ എന്‍ട്രന്‍സിന്റെ പ്രോസ് പെക്ടസായിരുന്നു അത്) നോക്കി അവര്‍ പറഞ്ഞു: 'മോന് ഐ.എ.എസ് പരീക്ഷ എഴുതണം എന്നല്ലേ പറഞ്ഞത്? എങ്കില്‍ പൊക്കോളൂ. ഫൈന്‍ തരണ്ട. പഠിച്ച് വലിയ ആളാവണം.' ഒരു മകനോടെന്ന വാല്‍സല്യത്തില്‍ ആ സ്ത്രീ പറയുന്നത് കേട്ടപ്പോള്‍ ഞാന്‍ അദ്ഭുതത്തോടെ അണ്ണനെ നോക്കി. അവന് യാതൊരു കൂസലുമില്ല. ഓര്‍മയില്‍ നിന്ന് ഇനിയും മായാന്‍ കൂട്ടാക്കാത്ത ദിവസങ്ങളിലൊന്ന്.

1 comment:

  1. avanu paathunginilkkan ariyillayirunnu. ethra valiya aalkkuuttathilum avane pettennu thirichariyam. oru parijayamillathayalum avane kaanumbol onnu thala uyarthi nookkum. securitykkar avane prathyekam parisodhikkum. ella classilum teacher avanodaayirikkum aadyathe chodyam chodichittundaavuka.

    ReplyDelete

Visited

Followers