അണ്ണാ,
നിന്നെപ്പറ്റി, നീ കൂടെകൊണ്ടുപോകാത്ത ഓര്‍മ്മകളെപ്പറ്റി എന്തെങ്കിലും എഴുതാന്‍ നമ്മുടെ സുഹൃത്തുക്കള്‍ കൊറേ ദിവസങ്ങളായി പറയുന്നു. നീ പോയി എന്ന് ഉള്‍ക്കൊള്ളാന്‍ മനസ്സ് ആവശ്യത്തിലേറെ സമയമെടുത്തതുകൊണ്ടാവും എന്റെ എഴുത്ത് ഇത്രയും വൈകുന്നത്. നിന്നെ വന്നൊന്ന് കണാന്‍ കഴിഞ്ഞില്ലല്ലൊ എന്ന് ഇപ്പൊഴും ചെറുതായി നെഞ്ചില്‍ ഉപ്പു പൊടിയുന്നുണ്ട്. കല്ല്യാണം കഴിഞ്ഞ് ഭാര്യവീട്ടില്‍ വിരുന്നിന് പോകാനിറങ്ങുമ്പോഴാണ് റിയാസ് വിളിച്ചത്. കല്ല്യാണം കഴിച്ചതിന്റെ പേരിലുള്ള മക്കാറാക്കലിന് വിളിച്ചതാണെന്നാണാദ്യം കരുതിയത്. പക്ഷെ ഓന് വിളറിയ ശബ്ദത്തില്‍ പറഞ്ഞത് കേള്‍ക്കാന്‍ അത്ര സുഖമുള്ള വാര്‍ത്തയായിരുന്നില്ല. ഈ വാര്‍ത്ത് കേട്ട എല്ലാ മര്ക്കസുകാരേയും പോലെ ഞാനും ഉരുകി പ്രര്ത്ഥിച്ചെടാ.. അനക്കൊന്നും വരല്ലേന്ന്. ആശുപത്രിയിലേക്ക് ഓരോ തവണയും വലീദിനെയും റംഷിയെയും ഒക്കെ വിളിക്കുമ്പോഴും, ദൈവമേ, വാക്കുകളില്‍ പ്രതീക്ഷകളുണ്ടാവണേ എന്ന് കൊതിച്ചു. അവസാനം അവരൊക്കെ വലിയ പ്രതീക്ഷകളായി തന്നത്. നിന്റെ അവസ്ഥ ദിനേന മെച്ചപ്പെടുന്നുണ്ട്. ഹെമറ്റോമ ഭേദമയി, നീ പ്രതികരിച്ചു, നിന്നെ പഴയതിനേക്കള്‍ ഉഷാറാക്കാം എന്ന് ഡോക്റ്റര്‍മാര്‍ പറയുന്നു- നീ ഉഷറായി തിരിച്ചു വരും. ബോധം വന്നതിന് ശേഷം ഭാര്യാ സമേതം നിന്നെ കാണാന്‍ വരണം.
അങ്ങനെയങ്ങനെ പിന്നെ ഞാന്‍ പതിവു ജീവിതത്തിലേക്ക് ബസുകയറി. ജോലിയില്‍ തിരികെകയറി ഒരാഴ്ച, ഒരു ശനിയാഴ്ച രാവിലെ നൗഷദ് സാര്‍ വിളിച്ചാണ് വിവരം പറഞ്ഞത്. അപ്പോള്‍തന്നെ ഞാന്‍ യാത്ര തിരിച്ചതാണെടാ- പ്രിയപ്പെട്ടവരില്‍നിന്നും ഇത്ര ദൂരെയാണ് ഞാന്‍ പണിയെടുക്കുന്നതെന്ന് അന്നെനിക്ക് മനസ്സിലായി. ഞാന്‍ കയറിയ ബസ് എടപ്പാള്‍ എത്തിയപ്പോള്‍ സമയം എട്ടുമണി കഴിഞ്ഞിരിരുന്നു. നീ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇറങ്ങുമായിരുന്നെടാ.. എടപ്പാള്‍ ഇനി ഒരിക്കലും ശ്രദ്ധിക്കേണ്ടാത്ത സ്റ്റോപ്പായി മാറിയിരിക്കുന്നു. ദൈവമേ.. ഡാ അവസനമായി ഞാന്‍ അസമയത്ത് നിന്റെ നാട്ടില്‍ ബസിറങ്ങിയതെന്നാണെന്നോര്മ്മയുണ്ടോ? അന്ന് കാദറിന്റെ ഏട്ടന്റെ കല്ല്യാണത്തിന് പോയത്. രാത്രി ഒരു 12മണിയായിക്കാണും അല്ലെ? പ്രത്യേകിച്ച് ഒന്നും സഭവിക്കുമായിരുന്നില്ലാത്ത ഒരു കെ. എസ്. ആര്.ടി.സി. യാത്രയില്‍ വെറുതെ നിന്റെ ഉറക്കച്ചടവ് കേള്‍ക്കാന്‍ ഒന്ന് വിളിച്ചുനോക്കിയതാണ്. പക്ഷെ നീ എന്നോട് പറഞ്ഞത് ഉടനെ അവിടെ ഇറങ്ങാനായിരുന്നു. തോന്നുന്നിടത്ത് ഇറങ്ങാനും തോ്ന്നുന്നിടത്ത് ഉറങ്ങാനും അന്ന് നമുക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നല്ലോ. അങ്ങനെ നമ്മള് നിന്റെ ആ നശിച്ച വണ്ടിയില്‍ നട്ടപ്പാതിരാക്ക് കാടമ്പുഴ പോയതോര്‍മ്മയുണ്ടോ? തണുപ്പത്ത് നിന്നെ കെട്ടിപ്പിടിച്ച്- എനിക്ക് ബൈക്കിന്റെ പിറകിലിരുന്ന് യാത്രചെയ്യാന്‍ കൂടുതല്‍ അവസരമുണ്ടായിട്ടില്ലാത്തതുകൊണ്ടായിരിക്കണം- ആ യാത്ര ഞാന്‍ ശരിക്കും ആഘോഷിച്ചത്.
പണ്ട് നമ്മള് മര്‍കസില്‍ വന്നകാലത്ത് നീ സംസാരിക്കുമ്പോള്‍ പല വാക്കുകളും എനിക്ക് മനസ്സിലായിരുന്നില്ല. പിന്നെപ്പിന്നെ അതൊരു പ്രശ്നമല്ലാതായി കാരണം എനിക്ക്് നിന്നെ മനസ്സിലായിരുന്നു. നീ മുറിയില്‍ താമസിക്കാന്‍ വരുന്ന ദിവസം അവിടെ നീ എന്തൊക്കെയൊ സംഭവിപ്പിച്ചു. എല്ലാ രാത്രികളിലും നീ കുളിച്ച് തലതോര്‍ത്താതെ വന്നു. ഒരിക്കലും നിനക്ക് പനിപിടിച്ചില്ല. രാത്രികളില്‍ നീ നല്ല വസ്ത്രങ്ങളിട്ടു കിടന്നുറങ്ങി. എന്നും രാവിലെ കൃത്യമായി അമ്പരപ്പിക്കുന്ന കണികള്‍ കാണിച്ച് ഉണര്‍ത്തി ഞങ്ങളുടെ ദിവസങ്ങളെ ഉഷാറാക്കി. നമ്മുടെ രാത്രികള്‍ക്ക് മൂടാലിലെ തട്ടുകടകളിലെ കട്ടഞ്ചായയുടെ നിറം കിട്ടി. മര്‍കസിന്റെ ചരിത്രത്തില്‍ ആദ്യമായി നീ എസ്.എഫ്.ഐ. യുടെ യൂണിറ്റിട്ടൂ നീ സെക്രട്ടറിയും ഞാന്‍ പ്രസിഡന്റുമായി. എല്ലാവരുടെ കയ്യില്‍നിന്നും നീ ഒരു രൂപാ മെംബെര്‍ഷിപ്പ് പിരിച്ചു. റിയാസിനു വരെ നീ എസ്.എഫ്.ഐ മെംബെര്‍ഷിപ്പ് കൊടുത്തു എന്നാണോര്‍മ്മ.
മൂടാല്‍ ഹൈദരാലിയുടെ കൂടെ തിരൂരില്‍ സംസ്ഥാന തല യുവജനോത്സവം കാണാന്‍ പോയതോര്‍മ്മയുണ്ടോ? അന്ന് ഹൈദരാലിപറഞ്ഞ കൊറേ ബഡായികളുടെ കൂട്ടത്തില്‍ അവരന്‍ പണ്ട് ബാലസംഗത്തില്‍ ഉണ്ടായിരുന്ന അവന്റെ സുഹൃത്തുക്കളായിരുന്ന കൊറേ പെണ്കുട്ടികളെപ്പറ്റി പറഞ്ഞത് ഓര്‍മയുണ്ടോ? അതിലൊരു പെണ്‍കുട്ടിയെയാണെടാ എനിക്ക് ബീഡരായി കിട്ടിയത്.
നിന്റെ ഒരു പ്രണയ നൈരാശ്യകാലത്ത് ചുങ്കത്തെ മുറിയിലിരുന്ന് നമ്മള് പാട്ടെഴുതിയതോര്മ്മയുണ്ടോ? നമ്മളുണ്ടാക്കിയ പാട്ടുകള്‍ സമാഹരിക്കുകയാണെങ്കില്‍ ഒരു പുസ്തകമാക്കാം. റിയാസിന്റെ പാട്ടുകള്‍ മാത്രം എത്രയുണ്ട്! അന്ന് നമ്മളുണ്ടാക്കിയത്- 'അന്തിക്ക് ഞാന്‍ മോന്തും കള്ളിന് കയ്യും കണക്കില്ല പെണ്ണേ..' മറന്നുപോയെടാ.. ചില വരികള്‍ മാത്രം ഓര്‍മ്മയുടെ വെളിച്ചത്തിലേക്ക് കോട്ടുവായിട്ടു വരുന്നു. '' നിന്റപ്പനെന്നെ കണ്ടതും ഞാന്‍ സൈക്കിളേറിപ്പാഞ്ഞതും; മറക്കാമോ പ്രിയസഖി നിന്റപ്പനെന്ന കാലനേ''.. അവസാനവരി ഞാന്‍ എന്തായലും മറന്നിട്ടില്ല- ''വഞ്ചകീ നീ ഇന്നാ കോന്തനെയോര്ത്ത് കിടക്കുമ്പോള്‍; നട്ടപ്പാതിരക്ക് ഞാനീ മാനവും നോക്കിക്കിടക്കുന്നേ..''
എനിക്ക് തോന്നുന്നത് മര്‍കസില്‍ നമ്മള് തമ്മില്‍ മാത്രമേ ആ കാലത്ത് വഴക്കുണ്ടായിട്ടൊള്ളൂ എന്നാണ്. അന്ന് മാട്ടുമ്മലെ ക്യാമ്പില്‍ വച്ച്- അത്ര അപക്വവും ലോലവുമാണ് എന്റെ മനസ്സെന്ന് അന്ന് നീ മനസ്സിലാക്കിയിരുന്നിരിക്കില്ല. എന്തൊക്കെയായാലും ആ അദ്ധ്യായത്തില്‍ ഏറ്റവും വ്യക്തമായി എന്റെ മനസ്സിലുള്ള ചിത്രം അന്ന് ആ കോണിപ്പടിക്കടുത്തുനിന്ന് വളരെ അപ്രതീക്ഷിതമായി നീ വന്ന് എന്നെ കെട്ടിപ്പിടിച്ചതാണ്. അല്ലെങ്കിലും ഒരു കെട്ടിപ്പിടുത്തത്തില്‍ തീരാത്ത വഴക്കുണ്ടാക്കുവാന്‍ നമ്മള്ക്കാര്ക്കെങ്കിലുമാവുമോ? പിന്നെയും ശേഷിച്ച പിണക്കത്തുള്ളികളെ തുടച്ചുമാറ്റാന്‍ നീ എനിക്കൊരു സമ്മാനം തന്നതോര്‍മയുണ്ടോ? ഒരു പെണ്‍കുട്ടിയുടെ ചിത്രം. ഖബറിടത്തിലേക്ക് നിന്നെ കാണാന്‍ വരുന്നവഴി നിന്റെ അനിയനോട് ഞാനതുപറഞ്ഞു. അത് അവന് വരച്ചതായിരുന്നല്ലേ? അവനത് തിരിച്ച് ചോദിക്കുന്നുണ്ട്. ഞാനെന്താണ് ചെയ്യേണ്ടത്? അത് കൊടുക്കാന്‍ എനിക്ക് മനസ്സുവരുന്നില്ലെടാ.അവന് പറഞ്ഞ മറ്റൊരു വാചകം എന്നെ പിന്നേയും ദുര്ബലനാക്കുന്നെടാ.''പണ്ട് എന്റടുത്തൂന്ന് വാങ്ങിക്കൊണ്ട് പോയതാ.. അടുത്ത ഒരു കൂട്ടുകാരന് കൊടുക്കാനാണെന്നാ പറഞ്ഞത്.'
മര്‍കസ് കാലം കഴിഞ്ഞ് സൗരയൂധത്തിന്റെ ഓരോരോ മൂലകളിലേക്ക് നമ്മള് പറിച്ചു നട്ടതിനു ശേഷവും ജീവിതത്തിന്റെ വേനല്‍ക്കാലങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാതെ നിന്റെ ഫോണ്‍ വിളികള്‍ മഴപെയ്യിച്ചു. അവസാനം നീ വിളിച്ചതോര്‍മ്മയുണ്ടോ? കുറ്റിപ്പുറം മദ്യദുരന്തത്തിന്റെ അന്ന്. അന്ന് നീ ഒരുപാടു ചിരിച്ചു. ആ നരകപാനീയശാലയുമായുള്ള ആത്മബന്ധം ആളുകളുടെ മരണത്തെ ഒരു തമാശയാക്കി.
എന്റെ ഏറ്റവും കെട്ടകാലങ്ങളില്‍ തോളില്കയ്യിട്ട് നീയുണ്ടായിരുന്നു- നമ്മുടെ രണ്ടുപേരുടേയും കടിഞ്ഞൂല്‍ പ്രണയ പരാജയങ്ങള്‍ ഏതാണ്ട് ഒരേ പരീക്ഷാകാലത്തായിരുന്നു. ഒരുമിച്ചല്ലെങ്കിലും ആ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരുന്നു. നീ അണിഞ്ഞിരുന്ന പരുഷതയുടെ മുഖംമൂടിക്കടിയിലൂടെ ഒന്നു കാമുകന് പാളിനോക്കുന്നത് പലപ്പോഴും ഞങ്ങള്‍ കണ്ടു.അന്ന് അനങ്ങന്‍ മലയുടെ മടിയില്‍ നിന്ന് നമ്മളെടുത്തുകൊണ്ടുവന്ന ആ ആട്ടിന്‍ കുട്ടി നമ്മളൊരോരുത്തരേയും എന്തൊക്കെയോ ആക്കി മാറ്റിയതൊര്ക്കുന്നില്ലെ? എനിക്കത് പിതൃത്വത്തിന്റെ നെടുവീര്‍പ്പ് ആദ്യമായ് അറിഞ്ഞ ദിവസമായിരുന്നു. നിന്നില്‍ കണ്ടത് ഒരു ചെറിയ കുഞ്ഞിനെ- ഉമ്മയുടെ മടിയില്‍ കിടന്ന് പൂക്കള്‍ നോക്കി ചിരിക്കുന്ന- ഞങ്ങള്‍ക്കൊപ്പം കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ഷെരീഫിനെ അന്ന് കണ്ടു. നിന്റെ കാലാവസ്ഥകള്‍ പെട്ടെന്ന് മാറിമറഞ്ഞു. മഴയായ് തിമിര്‍ത്ത് പെയ്യുന്നതിനിടയില്‍ പൊടുന്നനെ നീപോലുമറിയാതെ നിന്റെ ആകാശത്ത് കാര്‍മേഘങ്ങള്‍ നിറഞ്ഞു.
നിന്നെക്കുറിച്ച് എഴുതിത്തുടങ്ങി ഇപ്പോള്‍ ഇതൊന്ന് അവസാനിക്കാന്‍ പാടുപെടുകയാണെടാ.. എത്ര എഴുതിയിട്ടും മനസ്സിലെ ആ ഇരുണ്ട ശൂന്യത മായുന്നില്ലെടാ. അന്ന് നിന്നെകണ്ട് മടങ്ങുമ്പോഴൊന്നും ഇത്ര വലിയ പ്രശ്നമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഒറ്റക്കാവുന്ന രാത്രികളിലാണ് എനിക്ക് ബോധ്യങ്ങള്‍ ഉണ്ടാവുന്നത്. നീ പോയി.
സാരമില്ലെടാ. നീ വിഷമിക്കെണ്ട.. ഞാനും വിഷമങ്ങള്‍ മുഖം കഴുകാം. നീ പോയത്
കുറച്ചു നേരത്തെയായിപ്പോയി.
സാരമില്ല. ഞാനും വരുന്നുണ്ട്.
ഞങ്ങളെല്ലാം വരുന്നുണ്ട്.
നിന്റെ സിഗരെറ്റില്നിന്നൊരു പുകയെടുക്കാന്‍..
രഞ്ജിത്
'ഇപ്പോള്‍ ഒറ്റയ്ക്കാവുന്ന രാത്രികളിലാണ് എനിക്ക് ബോധ്യങ്ങള്‍ ഉണ്ടാവുന്നത്...' ആ ബോധ്യമാണ് അണ്ണനെ എന്നും നമ്മുടെ മനസ്സുകളില്‍ ജീവിപ്പിക്കുന്നത്.
ReplyDeleteപൊള്ളുന്നു.
ReplyDelete